സംസ്ഥാന സര്‍ക്കാരിൻ്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023ലെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭന് ലഭിച്ചു. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവിക്കാണ് പുരസ്കാരം.
കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂര്‍ത്തി(സൂര്യ കൃഷ്ണമൂര്‍ത്തി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിന് അര്‍ഹരായി.
സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പുനലൂര്‍ സോമരാജന്‍, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. വി.പി. ഗംഗാധരന്‍, വ്യവസായ-വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രവി ഡി സി, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ.എം. ചന്ദ്രശേഖര്‍, കല(സംഗീതം) മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വര്‍ഷത്തില്‍ ഒരാള്‍ക്കും, രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര നിർണ്ണേതാക്കൾ.