സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്. നവകേരള സദസ്സ് കഴിയുന്ന മുറയ്ക്കായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് ജയരാജന് അറിയിച്ചു. കോൺഗ്രസ് – എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും കേരള കോൺഗ്രസ് ബിയിലെ കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരാകും. ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഒഴിയുന്ന സ്ഥാനത്തേക്കാകും ഇവർ വരിക.
നേരത്തേയുള്ള രണ്ടര വർഷ കരാർ പ്രകാരമാണ് മാറ്റമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. മറ്റു പാർട്ടികളുടെ മന്ത്രിമാരുടെ മാറ്റം തീരുമാനിച്ചിട്ടില്ല. എൽ.ഡി.എഫ് അല്ല അതത് പാർട്ടികളാകും അത് തീരുമാനിക്കുക.
മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി ഇടത് മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതോടെ മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിസംബർ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന നടപ്പാക്കാനാണ് തീരുമാനം.
നിലവിലെ രണ്ട് മന്ത്രിമാരുടെ രണ്ടര വര്‍ഷമെന്ന കാലാവധി നവംബര്‍ 20-ന് പൂര്‍ത്തിയാവും. നവംബര്‍ 18 മുതലാണ് നവകേരള സദസ്സ് ആരംഭിക്കുന്നത്. ഡിസംബര്‍ 24 വരെ ഇത് നീണ്ടുനില്‍ക്കും. ശേഷമാണ് മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുക. മുന്നണിയിലെ നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തിയെന്ന സോളാർ കേസിൽ വിചാരണ നേരിടണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗണേഷിന്റെ മന്ത്രിസഭ പ്രവേശനത്തിൽ ആശങ്കയുണ്ടായിരുന്നു. ഗണേഷ് സർക്കാറിനെതിരെ ഉയർത്തിയ നിരന്തര വിമർശനവും ആശങ്കക്ക് കാരണമായി. എന്നാൽ, മുഖ്യമന്ത്രിയും സി.പി.എമ്മും ഗണേഷിന് നൽകിയ വാക്ക് പാലിക്കാൻ തീരുമാനിച്ചതോടെയാണ് പുനഃസംഘടന സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത്.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ ദേശീയ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമായി. ദേശീയതലത്തില്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ പ്രക്ഷോഭം സംഘടിപ്പിക്കും.


