2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും.
156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇത് റെക്കോഡാണ്. കഴിഞ്ഞതവണ 142-ഉം അതിന് മുമ്പ് കൊവിഡ് കാലത്ത് 80 ചിത്രങ്ങളുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിക്കുന്നത്.
പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കുപുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളാണ്.
മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ഭീഷ്മ പർവം, റോഷാക്ക്,പുഴു, മോഹൻലാലിന്‍റെ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ, മോൺസ്റ്റർ. പൃഥ്വിരാജിന്‍റെ ജനഗണമന, കടുവ, കാപ്പ, തീർപ്പ്, ഗോൾഡ്, കുഞ്ചാക്കോബോബന്‍റെ ന്നാ താൻ കേസ് കൊട്, അറിയിപ്പ്, പകലും പാതിരാവും എന്നിവയും പട്ടികയിലുണ്ട്.
ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്തു മയക്കവും തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയും വിവിധ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ നേടിയിരുന്നു. കുഞ്ചാക്കോ ബോബൻ കള്ളന്‍റെ വേഷത്തിലെത്തിയ ന്നാ താൻ കേസ് കൊട് ഉള്‍പ്പടെ പ്രമേയത്തിന്‍റെ വ്യത്യസ്തത കൊണ്ട് ജനശ്രദ്ധനേടിയ ഒട്ടേറെ ചിത്രങ്ങള്‍ വിധിനിര്‍ണയത്തിനുണ്ട്. പുറത്തിറങ്ങാത്ത ചിത്രങ്ങളാണ് കൂടുതലുമുള്ളത്. ജയരാജ്, സത്യൻ അന്തിക്കാട്, വിനയൻ, ടി.കെ രാജീവ് കുമാർ തുടങ്ങി പരിചയസമ്പന്നരായ സംവിധായകരും മത്സരിക്കുന്നുണ്ട്.