വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് ഒപ്പമായിരിക്കും താനും പാർട്ടിയുമെന്ന് പി സി ജോർജ്. എന്‍.ഡി.എ. മുന്നണിയുമായി ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയമായിരിക്കും കേരള ജനപക്ഷം (സെക്യുലര്‍) സ്വീകരിക്കുക എന്നും വ്യക്തമാക്കി. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വര്‍ക്കിങ് ചെയര്‍മാന്‍ ഇ.കെ. ഹസ്സന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാന്‍ പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ലോകത്തിനും രാജ്യത്തിനും ഒരു പോലെ സ്വീകാരനായ, ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കുകയും ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യതാല്പര്യങ്ങള്‍ക്ക് ഉത്തമമെന്ന് യോഗം വിലയിരുത്തിയതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്‍.ഡി.എ. മുന്നണി നേതൃത്വവുമായോ ബി.ജെ.പി. നേതൃത്വവുമായോ ഇത് സംബന്ധിച്ചു ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. അതിനായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് ബി.ജെ.പി, എന്‍.ഡി.എ. നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് പി.സി. ജോര്‍ജ്, ഇ.കെ. ഹസ്സന്‍കുട്ടി, ജോര്‍ജ് ജോസഫ് കാക്കനാട്ട്, നിഷ എം.എസ്, പി.വി. വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായ അഞ്ചംഗകമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും പാര്‍ട്ടി അറിയിച്ചു.
കാര്‍ഷിക മേഖലയില്‍ മോഡി സര്‍ക്കാര്‍ വലിയ വിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ എന്നും പിസി ജോര്‍ജ് പറഞ്ഞു.
അഡ്വ.ഷൈജോ ഹസൻ, സെബി പറമുണ്ട, ജോൺസൺ കൊച്ചുപറമ്പിൽ,ജോർജ് വടക്കൻ,പ്രൊഫ. ജോസഫ് ടി ജോസ്,പി.എം.വത്സരാജ്, സജി എസ് തെക്കേൽ,ബാബു എബ്രഹാം,ബെൻസി വർഗീസ്,ഇ.ഒ.ജോൺ ബീനാമ്മ ഫ്രാൻസിസ്, സുരേഷ് പലപ്പൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.