സംസ്ഥാന സർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിന് അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ്. ഇത്തവണ പി എസ് സി അപേക്ഷാ തീയതി കഴിഞ്ഞപ്പോഴുള്ള കണക്ക് പ്രകാരം 12,95,446 പേരാണ് രംഗത്തുള്ളത്.
4.6 ലക്ഷം അപേക്ഷകർ കുറഞ്ഞു
2019-ലെ വിജ്ഞാപനത്തിന് 17,58,338 അപേക്ഷകൾ ലഭിച്ചിരുന്നു. ഓരോ വർഷം കഴിയുന്തോറും അപേക്ഷകർ കൂടുന്നതാണ് പ്രവണത. എന്നാൽ ഇത്തവണ കഴിഞ്ഞതവണത്തെക്കാൾ 4,62,892 അപേക്ഷകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
ഇതര സർവ്വീസുകളിൽ ഇപ്പോൾ ജോലി ചെയ്യുന്നവരിൽ നിന്നും ക്ലാർക്കിലേക്കുള്ള തസ്തികമാറ്റത്തിന് ഇത്തവണ 11,914 പേർ അപേക്ഷിച്ചിട്ടുണ്ട്. കൺഫർമേഷൻ തീയതി കഴിയുന്നതോടെ ഇനിയും നേരിയ കുറവ് വരാം.

സർക്കാർ സർവ്വീസിനോട് പുതിയ തലമുറയ്ക്ക് പൊതുവെയുള്ള വിമുഖതയാണ് ഇതിന് കാരണമായി പറയുന്നത്. എങ്കിലും നിയമനത്തോളം എത്തുമ്പോൾ നേരിടേണ്ടി വരുന്ന കടുത്ത മത്സരവും വലിയ ഘടകമാണ്. പരീക്ഷയിൽ പരിഷ്കരണം ഏർപ്പെടുത്തുന്ന കാര്യം സർക്കാരും റിക്രൂട്ട്മെൻ്റ് ഏജൻസിയായ കേരള പബ്ലിക് സർവ്വീസ് കമ്മീഷനും ആവർത്തിക്കുന്നുണ്ട് എങ്കിലും എല്ലാം പാതി വഴിയിൽ നിലയ്ക്കാറാണ്. ഇപ്പോഴും ഓർമ്മ ശക്തി പരിശോധന എന്ന രീതിയിലാണ് തിരഞ്ഞെടുപ്പിനുള്ള പരീക്ഷ.
നിയമനം കുറഞ്ഞാലും
ക്ലാർക്ക് നിയമനങ്ങളിൽ കഴിഞ്ഞകാലങ്ങളിലുണ്ടായ കുറവാണ് അപേക്ഷകർ കുറയുന്നതിനുള്ള മറ്റ് ഒരു കാരണമായി വിലയിരുത്തുന്നത്. നാല് വർഷത്തോളം ദൈർഘ്യമേറിയതാണ് ക്ലർക്ക് വിജ്ഞാപനത്തിലെ സർക്കാർ നടപടി ക്രമം. ഇത്രയും കാലത്തെ ഒഴിവുകൾ ആണ് പരിഗണിക്കപ്പെടുക. സർക്കാർ സർവ്വീസിൽ വലിയ റിട്ടയർമെൻ്റുകൾ വരാനുമുണ്ട്. പക്ഷെ കേന്ദ്ര സംസ്ഥാന ബന്ധത്തിൽ സാമ്പത്തികമായ മുറുക്കലുകൾ വന്നതോടെ ചിലവ് ചുരുക്കുക എന്ന നിലപാടിലേക്ക് സംസ്ഥാനം മാറുകയാണ്. ഇത് നിയമനങ്ങൾ നിയന്ത്രിക്കുന്നതിലേക്ക് എത്തിക്കും.

പരീക്ഷകൾ ജൂലായിൽ തുടങ്ങും
ക്ലാർക്ക് വിജ്ഞാപനം നവംബർ 30-നാണ് പ്രസിദ്ധീകരിച്ചത്. സെർവറിലെ തിരക്ക് കണക്കിലെടുത്ത് രണ്ടുദിവസംകൂടി നീട്ടി ജനുവരി അഞ്ച് വരെ അവസരം നൽകിയിരുന്നു. എന്നിട്ടും 13 ലക്ഷത്തോളം അപേക്ഷകളേ ലഭിച്ചുള്ളൂ.
പരീക്ഷ ജൂലായിൽ ആരംഭിക്കും. ഓരോ ജില്ലയുടെയും പരീക്ഷാതീയതി പ്രത്യേകമായിരിക്കും.ഇത് പിന്നീട് പ്രഖ്യാപിക്കുമെന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്. എത്ര ഘട്ടമായാണ് പരീക്ഷ നടത്തുന്നത് എന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. നാലിൽ കൂടുതൽ ഘട്ടമായി നടക്കാനുള്ള സാധ്യതയുണ്ട്. ലോക് സഭാ ഇലക്ഷൻ മുന്നിലുണ്ട് എന്നതും പരീക്ഷാ തീയതിയെ സ്വാധീനിക്കാം. വിദ്യാലയങ്ങൾ പരീക്ഷാ കേന്ദ്രങ്ങളായി ലഭിക്കുന്നത് പ്രധാനമാണ്. സപ്തംബറിൽ ലാസ്റ്റ് ഗ്രേഡ് പരീക്ഷയും നടക്കാനുണ്ട്.
പ്രാഥമികപരീക്ഷ ഒഴിവാക്കി ഇത്തവണ ഒറ്റപ്പരീക്ഷയിലൂടെയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. എൽ ഡി ക്ലാർക്ക് തസ്തികയുടെ പേര് “ക്ലാർക്ക്” എന്നാക്കി മാറ്റിയ ശേഷം നടത്തുന്ന പരീക്ഷയാണിത്.

കൺഫർമേഷൻ നൽകാൻ മറക്കരുത്
പരീക്ഷക്ക് അപേക്ഷിച്ചു കഴിഞ്ഞ ശേഷം confirmation നൽകിയാൽ മാത്രമാണ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു. 2024 ജനുവരി 5-ന് അപേക്ഷ പൂർണ്ണമായി. ഇതു കഴിഞ്ഞ ശേഷമാണു confirmation വരുന്നത്. അതിന്റെ തീയതി പിഎസ്‌സി അറിയിക്കും.
പരീക്ഷയുടെ 15 ദിവസം മുൻപ് മാത്രമാണ് നമുക്ക് ഹാൾടിക്കറ്റ് download ചെയ്യാൻ സാധിക്കുക. അവരവരുടെ പി എസ് സി പ്രൊഫൈലിൽ നിന്നാണ് download ചെയ്യാൻ സാധിക്കുക.
ഓരോ ജില്ലയിലെയും അപേക്ഷകർ
ഇത്തവണ ലഭിച്ചതും കഴിഞ്ഞ തവണ അപേക്ഷിച്ചവരും എന്ന ക്രമത്തിൽ
തിരുവനന്തപുരം 1,74,344- 1,98,186
കൊല്ലം 1,07,141- 1,34,208
പത്തനംതിട്ട 49,526- 83,412
ആലപ്പുഴ 84,514 – 1,01,114
കോട്ടയം 60,593 – 1,18,944
ഇടുക്കി 45,106 – 63,590)
എറണാകുളം 1,12,857 – 1,76,703
തൃശ്ശൂർ 98,510 – 1,59,503
പാലക്കാട് 1,12,467 – 1,51,610
മലപ്പുറം 1,41,559 – 1,66,265
കോഴിക്കോട് 1,32,066 – 1,62,629
വയനാട് 40,267 – 51,475
കണ്ണൂർ 88,382 – 1,27,209)
കാസർകോട് 48,114 – 63,490
ആകെ 12,95,446 – 17,58,338