ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടുന്ന സംഘം. ഇവർ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടത് ഒരു കടയിലെ ജീവനക്കാരിയുടെ ഫോൺ വായ്പവാങ്ങിയാണ്. അവർ പറയുന്നത്……
‘രാത്രി 7.30ന് ഓട്ടോ കടയുടെ മുന്നില്‍ നിര്‍ത്തി. ഒരു ആണും പെണ്ണും ഡ്രൈവറും ഓട്ടോയിലുണ്ടായിരുന്നു. ഭര്‍ത്താവെന്ന് പറയുന്നയാള്‍ ബിസ്‌ക്കറ്റ് ഉണ്ടോയെന്നാണ് ചോദിച്ചാണ് കടയിലേക്ക് വന്നത്. റസ്‌ക്കും നാളികേരവും വാങ്ങി. ഇതിനിടെ ഫോണ്‍ എടുക്കാന്‍ മറന്നുവെന്ന് പറഞ്ഞ സ്ത്രീ, എന്റെ മൊബൈല്‍ഫോണ്‍ വാങ്ങി സംസാരിക്കുകയായിരുന്നു. സ്ത്രീ മൊബൈല്‍ തിരികെ നല്‍കിയതോടെ 500 രൂപയുടെ നോട്ട് നല്‍കി.
ബാക്കിതുക തിരികെ കൊടുത്തു. പാരിപ്പള്ളി ഭാഗത്തുനിന്നു വന്ന ഇവര്‍ പള്ളിക്കല്‍ ഭാഗത്തേക്കാണ് പോയത്. കണ്ടുപരിചയമുള്ളവരല്ല. 35 വയസ് സ്ത്രീക്കും 45 വയസ് പുരുഷനും പ്രായം തോന്നിക്കും. പുരുഷന്‍ കാക്കി പാന്‍റ്സാണ് ധരിച്ചത്. സ്ത്രീ തലയിലൂടെ ഷാള്‍ ഇട്ടിരുന്നു. എന്നാല്‍ ഇരുവരേയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും”- പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി പറഞ്ഞു. ഇവരുടെ ഫോണിൽ നിന്നാണ് കുട്ടിയുടെ അമ്മയ്ക്ക് ഫോണ്‍ വന്നത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആസൂത്രിതമായാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാനവ്യാപകമായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജൊനാഥന്‍ പറയുന്നത്. വൈകിട്ട് നാലരയോടെയാണിത്.
കാറ്റാടിമുക്കില്‍വെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥന്‍ പറയുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്.