ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തു. ഇവർ കേസുമായി നേരിട്ട് ബന്ധപ്പെട്ടവരല്ലെന്നാണ് സൂചന
ചൊവ്വാഴ്ച രാവിലെ ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരേയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കാർവാഷിങ് സെൻ്റർ നടത്തുന്ന വ്യക്തിയും സഹായിയുമാണ്.
ഓട്ടുമല കാറ്റാടി റജിഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കുപറ്റി. രാത്രിയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളി വന്നു. തുടർന്ന് അച്ഛനോട് സംസാരിച്ചപ്പോൾ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.

പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ല്‍ അറിയിക്കണം. 9946923282, 9495578999 എന്നീ നമ്പറുകളിലും വിവരങ്ങൾ നൽകാം.
നേരത്തേയും ശ്രമം നടത്തി
ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറഞ്ഞു.
അടുത്ത പ്രദേശത്തും സമാന പരാതി
ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം കൂടി നടന്നുവെന്ന് പരാതി. സൈനികനായ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ ഇവര്‍ രക്ഷപ്പെട്ടെന്നും വീട്ടമ്മ പറയുന്നു.
ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ തലയില്‍ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടി പോയെന്നും വീട്ടമ്മ ചിത്ര പറയുന്നു. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.