തുലാവരിഷത്തിനും മുന്നോടിയായി ഇടിയും മിന്നലും എത്തിയത് ആശങ്ക പകരുന്നു. മഴയ്ക്ക് ഒപ്പം തന്നെ വൈകുന്നേരത്തോടെ ഇടിയും മിന്നലും തുടങ്ങുന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം ഇടിമിന്നലില്‍ തകര്‍ന്നു.
നാല് മത്സ്യത്തൊഴിലാളികള്‍ ഈ സമയത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. രാത്രി എട്ട് മണിയോടെ ഉണ്ടായ മിന്നലിൻ്റെ ആഘാതത്തിൽ ഹാർബറിലെ ഗുരു കൃപാ ബോട്ടിലെ ടി.ടി. നിജു, ടി.ടി.ശൈലേഷ്, ടി.ടി.സന്തോഷ്, ടി.ടി.പ്രസാദ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.
ബോട്ടില്‍ നിന്ന് മത്സ്യം നീക്കുന്നതിനിടയിലാണ് മിന്നലേറ്റത്. തണ്ണീംമുഖത്ത് വലിയപുരയില്‍ ടി.വി. രഞ്ജിത്തിന്റെതാണ് ബോട്ട്. ഇടിമിന്നലില്‍ വഞ്ചിയിലെ ജി.ടി.എസ്, വയര്‍ലെസ്, എക്കൊ സൗണ്ടര്‍ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവയും കത്തിനശിച്ചു.അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തുറന്ന സ്ഥലങ്ങളിലും ഉയരം കൂടിയ ഒറ്റപ്പെട്ട മരങ്ങൾക്കും കെട്ടിടങ്ങൾക്കും ചുവട്ടിലും നിൽക്കുന്നത് കരുതലോടെ വേണം. മിന്നൽ ഉള്ള സമയത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറുക.
മഴ തുടരും
സംസ്ഥാനത്ത് ഇന്നും വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് യെല്ലോ അലേർട്ട്. നാളെ ഏഴ് ജില്ലകൾക്ക് യെല്ലോ അലേർട്ടുണ്ട്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. വരുന്ന അഞ്ചു ദിവസം കൂടി മഴ തുടരും. ഉച്ചകഴിഞ്ഞ് മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ശ്രദ്ധിച്ചു വേണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കർണാടക തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.
ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബീച്ചിൽ ഇറങ്ങിയുള്ള വിനോദസഞ്ചാരങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.