ഒരു ലക്ഷത്തിലേറെ ജീവനക്കാരാണ് വരും വര്‍ഷങ്ങളില്‍ സംസ്ഥാന സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കുന്നത്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ ഡി ക്ലാർക്ക് വിജ്ഞാപനം- 2024 പുറപ്പെടുവിച്ച സാഹചര്യത്തിൽ സർക്കാർ ജോലി കാത്തിരിക്കുന്നവർക്ക് ഇത് വമ്പൻ അവസരമാണ്. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനവും വരാനിരിക്കയാണ്. ഇത്തവണ നേട്ടം വലുതാണ്. പ്രിലിംസ് പരീക്ഷയുടെ അനിശ്ചിതത്വവും ഒഴിവായി.
1.10 ലക്ഷം ജീവനക്കാരാണ് 2023 മുതല്‍ 2027 വരെയുള്ള അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നത്. 2023-ല്‍ 21,000, 2024-ല്‍ 21,600, 2025-ല്‍ 22,185, 2026-ല്‍ 23424, 2027-ല്‍ 23714 എന്നിങ്ങനെയാണ് വിരമിക്കുന്നവരുടെ എണ്ണം. ഇതിന്റെ ഫലമായുണ്ടാകുന്ന ഒഴിവുകളില്‍ 50 ശതമാനത്തോളം എല്‍.ഡി. ക്ലാര്‍ക്ക് തസ്തികകളിലാണ് പ്രതിഫലിക്കുക.
മറ്റൊരു തസ്തികയിലുമില്ലാത്തത്ര നിയമനം, മികച്ച പ്രമോഷന്‍ സാധ്യതകള്‍ എന്നിവയെല്ലാം എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയ്ക്ക് മാത്രമുള്ള ആകര്‍ഷണമാണ്. ജനകീയ സാഹചര്യം ഉള്ളതാണ് ക്ലർക്ക് മാരുടെ ജോലി സാഹചര്യം, സവിശേഷ അധികാരങ്ങള്‍, മികച്ച ശമ്പളഘടന എന്നിവയും ഈ തസ്തികയെ പ്രിയപ്പെട്ടതാക്കുന്നു.
ഉയര്‍ന്ന യോഗ്യതകള്‍ നേടിയിട്ടുള്ളവര്‍ക്ക് ഉന്നതമായ തസ്തികകളിലേക്ക് എളുപ്പത്തില്‍ മാറാനുമാവും. വില്ലേജ് ഓഫീസര്‍, സബ് രജിസ്ട്രാര്‍, അസിസ്റ്റന്റ് സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവയെല്ലാം എല്‍.ഡി. ക്ലാര്‍ക്കിന്റെ പ്രൊമോഷന്‍ തസ്തികകളാണ്. ചിട്ടയായ പഠനവും പരിശീലവും കൊണ്ട് ഏത് ഒരു ഉദ്യോഗാർഥിക്കും കയ്യടക്കാവുന്ന ലക്ഷ്യമാണ്.
റവന്യൂ, പഞ്ചായത്ത്, കൃഷി, വിദ്യാഭ്യാസം, വ്യവസായം, രജിസ്ട്രേഷന്‍, മോട്ടോര്‍ വെഹിക്കിള്‍ തുടങ്ങിയ വകുപ്പുകളിലൊക്കെ നിര്‍ണായകമായ ജോലികള്‍ നിര്‍വഹിക്കുന്നത് എല്‍.ഡി. ക്ലാര്‍ക്കുമാരാണ്. കേരളത്തില്‍ 110 ഓളം സര്‍ക്കാര്‍ വകുപ്പുകളുണ്ട്. ഇവയില്‍ ക്ലാര്‍ക്ക് തസ്തികയില്ലാത്ത വകുപ്പുകള്‍ ഇല്ലെന്ന് പറയാം. കാര്യക്ഷമതയുള്ളവരും പ്രാപ്തിയുള്ളവരുമായവര്‍ ഈ ഉദ്യോഗത്തിലെത്തേണ്ടത് സര്‍ക്കാര്‍ സംവിധാനത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനമാണ്.
ക്ലാര്‍ക്ക് തസ്തികയിലെ പ്രമോഷൻ സാധ്യതയും ഉയർന്നതാണ്. – എല്‍.ഡി. ക്ലാര്‍ക്ക്-സീനിയര്‍ ക്ലാര്‍ക്ക്-ഹെഡ്ക്ലാര്‍ക്ക്-ജൂനിയര്‍ സൂപ്രണ്ട്-സീനിയര്‍ സൂപ്രണ്ട്-അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ഓഫീസര്‍. വിവിധ വകുപ്പുകളില്‍ നിശ്ചിത യോഗ്യതയുള്ള എല്‍.ഡി. ക്ലാര്‍ക്കുമാര്‍ക്ക് മറ്റ് ഉയര്‍ന്ന തസ്തികകളിലേക്ക് മാറാനുള്ള അവസരവുമുണ്ട്.
പഞ്ചായത്ത് വകുപ്പില്‍ ജോലി ലഭിക്കുന്ന എല്‍.ഡി.സി.ക്ക് ബിരുദം യോഗ്യതയുള്ള പക്ഷം അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് മാറാനാവും. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഉയരാനുമാകും. സഹകരണ വകുപ്പില്‍ ജോലി ചെയ്യുന്നവരില്‍ എച്ച്.ഡി.സി.യോഗ്യതയുള്ളവര്‍ക്ക് ഇന്‍സ്‌പെക്ടര്‍ പദവിയിലേക്ക് മാറാം. അതുപോലെതന്നെ പോലീസ് വകുപ്പിലെ എല്‍.ഡി. ക്ലാര്‍ക്കിന് എസ്.ഐ. തസ്തികയിലേക്കും യോഗ്യതകളുള്ള പക്ഷം മാറാനാവും
എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിലെ ഇപ്പോഴത്തെ ശമ്പളം 26,500-60,700 എന്ന സ്‌കെയിലിലാണ്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ഡി.എ. ഏഴ് ശതമാനമാണ്. മറ്റൊരു 14 ശതമാനം ഡി.എ. ഇപ്പോള്‍ കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളം, ഡി.എ., മറ്റാനുകൂല്യങ്ങള്‍ എന്നിവ ചേര്‍ത്ത് നിലവില്‍ 31,000 രൂപയ്ക്ക് ഈ തസ്തികയില്‍ തുടക്കത്തില്‍ ലഭിക്കുക. കുടിശ്ശികയുള്ള ഡി.എ. തുക കൂടി ലഭിക്കുമ്പോള്‍ പ്രതിമാസം 35,000 ത്തോളം രൂപ ശമ്പളം ലഭിക്കും.
KAS ആകാനും അവസരം
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന തസ്തികകളിലേക്കുള്ള എളുപ്പവഴി കൂടിയാണ് ക്ലാര്‍ക്ക് തസ്തിക. സര്‍ക്കാര്‍ സര്‍വീസിലെ ഉയര്‍ന്ന തസ്തികകളിലേക്കെല്ലാം തന്നെ യോഗ്യതയനുസരിച്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്ക് നിയമനത്തിനായി നിശ്ചിത എണ്ണം തസ്തികകള്‍ മാറ്റിവെക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍പ്രവേശിച്ച് കുറഞ്ഞകാലത്തെ സേവനം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ഉയര്‍ന്ന തസ്തികകളില്‍ നീക്കിവെച്ചിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ജീവനക്കാരന് കഴിയുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലും നോണ്‍ ഗസറ്റഡ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് മറ്റ് വിഭാഗങ്ങളെപ്പോലെ തുല്യഎണ്ണം ഒഴിവുകള്‍ മാറ്റിവെച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നിവയെല്ലാം ചെറിയ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് ഒഴിവുകള്‍ നീക്കിവെച്ചിരിക്കുന്ന പ്രധാന തസ്തികകളാണ്.
ജില്ലാതലത്തില്‍ നിയമനം നടക്കുന്ന ഒരു പ്രധാന തസ്തികയാണ് എല്‍.ഡി. ക്ലാര്‍ക്കിന്റേത്. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് ഒരാള്‍ക്ക് ഏത് ജില്ല വേണമെങ്കിലും തിരഞ്ഞെടുക്കാം.