വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭർത്താക്കന്മാരായി കണക്കാക്കാനാവില്ല. ഈ സാഹചര്യത്തിൽ പങ്കാളിയുടെ വീട്ടിലെ പീഡനത്തിനെതിരെ ഐപിസി 498 എ പ്രകാരം സ്ത്രീക്ക് നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി.
വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്ത കേസിൽ പങ്കാളിയെയും കുടുംബത്തെയും ശിക്ഷിച്ച നടപടി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. വിവാഹ നിയമങ്ങൾ ഇപ്പോഴും ആധുനിക സമൂഹത്തിനൊപ്പം പരിഷ്കരിക്കപ്പെട്ടിട്ടില്ല.
”ഇരുവരും നിയമത്തിന് മുന്നിൽ ഭാര്യാഭർത്താക്കന്മാരായിരുന്നില്ല. അതിനാൽ, ഐപിസി 498 എ വകുപ്പ് പ്രകാരം എതിർകക്ഷി കുറ്റക്കാരാണെന്ന് പറയാനാവില്ല,” കോടതി വ്യക്തമാക്കി.
ഇരുവരും ഒളിച്ചോടുകയും പിന്നീട് വിവാഹം കഴിക്കാമെന്ന കരാറിൽ ഒരുമിച്ച് താമസിക്കുകയുമായിരുന്നു. യുവാവിന്റെ കുടുംബത്തിൽനിന്നുള്ള മോശം പെരുമാറ്റത്തെത്തുടർന്ന്, യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ഐപിസി 498 എ, 306 വകുപ്പുകൾ പ്രകാരം യുവാവിനും കൂടുംബത്തിനുമെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
കേസില്‍ വിചാരണക്കോടതി യുവാവിനെയും കുടംബാംഗങ്ങളെയും ശിക്ഷിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരേ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായത്.
ഹർജിക്കാരനും മരിച്ചയാളും തമ്മില്‍ മതപരമായോ ആചാരപരമായോ വിവാഹം ചെയ്തിട്ടില്ല. നിയമപരമായ പവിത്രതയില്ലാത്ത വിവാഹ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സാധുവായ വിവാഹ രേഖയില്ലാതെയാണ് ഇരുവരും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിച്ചിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമസാധുതയുള്ള വിവാഹമുണ്ടെങ്കിൽ മാത്രമേ ഐപിസി 498 എ വകുപ്പ് പ്രകാരം ഒരു സ്ത്രീക്ക് നിയമപരമായ വഴി തേടാൻ കഴിയൂ. അതിനാൽ 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണക്കും 498 എ പ്രകാരം ഭർതൃവീട്ടിലെ പീഡനത്തിനുമെതിരെ എടുത്ത കേസ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.
ഇതിനൊന്നും നിയമമില്ല
പാലക്കാട് സ്വദേശികളായ യുവതിയും യുവാവും 1997 ലാണ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. വിവാഹം പിന്നീട് രജിസ്റ്റർ ചെയ്യാമെന്ന കരാറിലായിരുന്നു ലിവിംഗ് ടുഗെതർ പങ്കാളികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പുരുഷ പങ്കാളിയുടെ വീട്ടിലായിരുന്നു സ്ത്രീ കഴിഞ്ഞിരുന്നത്. ഇവിടെ ബന്ധുക്കളുമായും തർക്കമുണ്ടായി. ഇതോടെ സ്ത്രീ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.
പങ്കാളിയുടെ വീട്ടിൽ വച്ചുണ്ടായ ആത്മഹത്യയായതിനാൽ പൊലീസ് ഭർതൃപീഡനവുമായി ബന്ധപ്പെട്ട ഐപിസി 498 എ വകുപ്പും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കേസെടുത്തു. വിചാരണ കോടതി പൊലീസ് അന്വേഷണ റിപ്പോർട്ട് ശരിവച്ച് ശിക്ഷ വിധിച്ചു. പുരുഷ പങ്കാളിയെയും മാതാപിതാക്കളെയും സഹോദരനെയുമാണ് കോടതി ശിക്ഷിച്ചത്. ഈ കേസിൽ പുരുഷ പങ്കാളി ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു.
എന്നാൽ പങ്കാളികൾ വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ ഭാര്യയും ഭർത്താവുമെന്ന പദവി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ തന്നെ ഭർതൃ പീഡനം സംബന്ധിച്ച ഐപിസി 498 എ വകുപ്പ് ചുമത്താനാവില്ലെന്നും കേരളാ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണ കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെ വിചാരണ കോടതി ശിക്ഷിച്ച പങ്കാളിയെയും മാതാപിതാക്കളെയും സഹോദരനെയും കുറ്റവിമുക്തരാക്കി കോടതി ഉത്തരവിറക്കുകയായിരുന്നു.