പൗരത്വ നിയമ ഭേദഗതി ചട്ടം ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും സജീവമാക്കി നിർത്താൻ കേന്ദ്ര സര്‍ക്കാർ. പൗരത്വ അപേക്ഷകരെ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ച് ക്രോഡീകരിക്കാനാണ് നീക്കം. എതിപ്പുള്ള സംസ്ഥാനങ്ങളെ ഇതുവഴി മറികടക്കും. അപേക്ഷകൾ നേരിട്ട് കേന്ദ്ര പോർട്ടലിൽ സ്വീകരിക്കും.
വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റില്‍ പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല.
മുസ്ലീം വിഭാഗം മാത്രം പുറത്താവും
2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകും.
മുസ്ലിങ്ങളെ പരിഗണിക്കില്ല. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ ചട്ടം നിർമ്മിക്കുന്നത് ഉൾപ്പെടെ തുടര്‍നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുകയായിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിർത്തിരുന്നു. സി എ എ നിയമത്തിന് എതിരെ ഐക്രരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷൻ വരെ രംഗത്ത് എത്തിയിരുന്നു.


