മലയാള സിനിമയിൽ ചിരിയുടെ ഒരു കാലഘട്ടമായിരുന്നു മാള അരവിന്ദൻ എന്ന നടൻ. സിനിമാലോകത്തും സാംസ്കാരിക വേദികളിലും നിറഞ്ഞുനിന്ന അദ്ദേഹത്തിൻ്റെ ഓർമ്മദിനമാണ് ഇന്ന് (1939 – 2015).
ഹാസ്യറോളുകൾക്കൊപ്പം തന്നെ ക്യാരക്ടർ റോളുകളും അവതരിപ്പിച്ചിരുന്നു. കുതിരവട്ടം പപ്പുവിനും ജഗതി ശ്രീകുമാറിനും സമകാലീനനായ മാള സ്വതസിദ്ധമായ നർമ്മ പ്രകടനങ്ങൾ കൊണ്ട് എന്നും വ്യത്യസ്തനായി നിന്നു. നീട്ടിയും കുറുക്കിയും വെള്ളിവീഴ്ത്തിയും ചിരിച്ചും മുന്നോട്ടു നീങ്ങുന്ന സംഭാഷണശൈലിയാണ് മാളയുടെ പ്ലസ് പോയിന്റ്. എൺപതുകളിൽ ഒരു മാള തരംഗം തന്നെ മലയാളസിനിമയിലുണ്ടായി.
താളാത്മകമായ സംഭാഷണ ശൈലി പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതായിരുന്നു. മാളയുടെ സാന്നിധ്യം തന്നെ ചിരി പടർത്തുന്നതായി മലയാള സിനിമയിൽ നിറഞ്ഞ നടനായി.
എറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് ജനിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മ കുട്ടികളെ പാട്ടു പഠിപ്പിക്കുമ്പോൾ തകരപ്പെട്ടിയിൽ താളമിട്ടാണ് അരവിന്ദൻ കലാജീവിതം തുടങ്ങുന്നത്. തബലയോടുള്ള താല്‍പര്യം മനസിലാക്കിയ അമ്മ അരവിന്ദനെ കൊച്ചിൻ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠനത്തിനായി ചേർത്തു. കലാ രംഗത്തേക്കുള്ള ചുവട് വെപ്പായിരുന്നു ഇത്.
ജോലിക്കായി അമ്മ മൂന്ന് മക്കൾക്ക് ഒപ്പം തൃശൂർ ജില്ലയിലെ മാളയിൽ വന്നു താമസമാക്കിയതോടെയാണ് അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. നാടകത്തിന്റെ പിന്നണിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

തബലിസ്റ്റായി തുടക്കം
650 സിനിമകൾ
12 വർഷം നാടകത്തിലും 40 വർഷം സിനിമയിലും പ്രവർത്തിച്ചു. നാല്‍പത് വർഷത്തെ സിനിമാജീവിതത്തിൽ 650 ലേറെ സിനിമകളിൽ അഭിനയിച്ചു. അന്നമനട കലാസമിതിയുമായി ബന്ധപ്പെട്ടാണ് കലാപ്രവർത്തനം ആരംഭിച്ചത്. സുഹൃത്ത് പരമനോടൊന്നിച്ചായിരുന്നു നാടകരംഗത്തെത്തിയത്. പരമന്റെ ഹാർമോണിയവും അരവിന്ദന്റെ തബലയും ഒന്നിച്ചപ്പോൾ പിന്നീട് ഇരുവരും അമച്വർ നാടക വേദികളിലെ സ്ഥിരം സാനിധ്യമായി.
കോട്ടയം നാഷണൽ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നീ ട്രൂപ്പുകളോടൊപ്പമാണ് പിന്നീട് പ്രവർത്തിച്ചത്. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി.
1976 ൽ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നാടകത്തിലെ മാളയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംവിധായകൻ പി ചന്ദ്രകുമാറാണ് സിനിമയിൽ വേഷം നല്‍കിയത്.
ഓസ്‌കാർ മിമിക്‌സ് എന്ന പേരിൽ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു. മോഹൻലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിൽ നീയറിഞ്ഞോ മേലേ മാനത്ത് എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.

2013 ൽ പുറത്തിറങ്ങിയ ഗോഡ് ഫോർ സെയിലാണ് റിലീസ് ചെയ്ത അവസാന ചിത്രം. മിമിക്‌സ്പരേഡ്, കന്മദം, അഗ്നിദേവൻ, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മുക്കുത്തി, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഭൂതക്കണ്ണാടി, ജോക്കർ, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്. മീശമാധവൻ, മഹായാനം, പട്ടാളം, സേതുരാമയ്യർ സിബിഐ, ലൂസ് ലൂസ് അരപ്പിരി ലൂസ്, പെരുമഴക്കാലം, രസികൻ. സന്ദേശം, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ ചിത്രങ്ങളിലെ മാള അരവിന്ദന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2015 ജനുവരി 28ന്, മലയാളത്തിന്റെ ഹാസ്യ നടന്മാരിൽ തന്റേതായൊരു ശൈലിയിൽ ഏറെ വിജയിച്ചിരുന്ന മാള അരവിന്ദൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗീതയാണ് ഭാര്യ. മക്കൾ മുത്തു , കല. മരുമക്കൾ ദീപ്തി, സുരേന്ദ്രൻ.