പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് കോടതി ശിക്ഷിച്ചത്.
2,10,000 രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേരളത്തില്‍ നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ കേസ് ആണിത്.
2018-ല്‍ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ വീടിന് അടുത്താണ് അതിജീവിതയുടെ വാസ സ്ഥലം. അവിടെ നിന്നും പരിചയപ്പെട്ട ശേഷം ഫോണില്‍ ചിത്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി കുട്ടിയെ പ്രലോഭിപ്പിച്ചു. വശീകരിച്ച് ദിവസങ്ങളോളം മൃഗീയമായി പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. എന്നാൽ പിന്നീട് കുട്ടി വിവരം മാതാവിനോട് തുറന്നു പറയുകയും പരാതിപ്പെടുകയും ചെയ്തു. ഇവര്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മലയിന്‍കീഴ് പോലീസില്‍ നൽകിയ പരാതി പ്രകാരമാണ് കേസ്.
പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പോക്സോ ആക്റ്റ് 6 ആർ /ഡബ്ല്യൂ 5(1) പ്രകാരം 25 വർഷവും അൻപതിനായിരം രൂപ പിഴയും, 6ആർ /ഡബ്ല്യൂ 5(എം) പ്രകാരം 25 വർഷം കഠിന തടവും 50000 രൂപ പിഴയും, 6 ആർ /ഡബ്ല്യൂ (എൻ) പ്രകാരം 25 വർഷം കഠിനതടവും 50,000 രൂപ പിഴയും, 10ആർ/ ഡബ്ല്യൂ 5(1) പ്രകാരം 5 വർഷം കഠിന തടവും, 20000 രൂപ പിഴയും,10ആർ/ ഡബ്ല്യൂ 5 (എം)പ്രകാരം 5 വർഷം കഠിന തടവും 20000 രൂപ പിഴയും10ആർ/ ഡബ്ല്യൂ 5(എൻ) പ്രകാരം അഞ്ചു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും, കൂടാതെ ഐപിസി 506 പ്രകാരം ഒരുവർഷം കഠിന തടവും പ്രതി അനുഭവിക്കണം എന്ന് വിധി ന്യായത്തിൽ പറയുന്നു.
മലയിന്‍കീഴ് എസ്.എച്ച്.ഒ ആയ പി.ആര്‍. സന്തോഷ് ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി.ആര്‍ പ്രമോദ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി. പോക്‌സോ കേസില്‍ നിലവില്‍ വിധിച്ചിട്ടുള്ള ഏറ്റവും വലിയ ശിക്ഷ 110 വര്‍ഷം ആണ്.