മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചേക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ഗവർണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും എല്ലാ വിഭാഗങ്ങളും എതിരാവുകയും ചെയ്തതോടെയാണ് രാജിനീക്കം.
കേന്ദ്ര സർക്കാർ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ടും രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. സർക്കാർ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
മണിപ്പുരിൽ വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇംഫാലിൽനിന്ന് 20 കിലോമീറ്റർ അകലെ കാങ്പോക്പി ജില്ലയിൽ ഒരു വിഭാഗം ഇന്നലെ പുലർച്ചെ നടത്തിയ വെടിവയ്പിനെത്തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വൈകിട്ട് ഏഴോടെ ഇംഫാൽ മാർക്കറ്റ് പ്രദേശത്തെത്തിയ ആയിരത്തിലധികം വരുന്ന ജനം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കലാപാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ വസതിയിലേക്കും മൃതദേഹങ്ങളുമായി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ റോഡുകളിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി. രാജ്ഭവനു സമീപവും ബിജെപി ഓഫിസിനു മുന്നിലേക്ക് ഇരച്ചു കയറാനും ശ്രമമുണ്ടായി. ബി ജെ പി ഓഫീസുകൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കയാണ്.