മണിപ്പുരിലേത് ഗുജറാത്തിലേതിന് സമാനമായ വംശഹത്യയായി തീർന്നതായി ആശങ്ക പങ്കുവെച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സംഘര്‍ഷത്തെ 2002-ലെ ഗുജറാത്ത് കലാപവുമായി താരതമ്യം ചെയ്ത ബിഷപ്പ് കേന്ദ്ര സർക്കാരിനും മണിപ്പൂർ സംസ്ഥാന സർക്കാരിനും എതിരെ നിസ്സംഗത ആരോപിച്ചു. മണിപ്പുര്‍ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു
ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത
‘കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടു. ഭാരതത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരേ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. അതിന് പിന്നിലുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് സ്വാഭാവികമായുണ്ടാവും’, മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഏകസിവിൽ കോഡിൽ ഒളിച്ചു കളിയോ
ഏക സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയും അദ്ദേഹം ചോദ്യം ചെയ്തു. നിയമനിര്‍മാണ സഭകളില്‍ നിയമം അവതരിപ്പിച്ച് വിശദാംശങ്ങള്‍ പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത്. ‘രാജ്യത്തിന്റെ വൈവിധ്യങ്ങളേയും മതപരമായ പ്രത്യേകതകളേയും ഉള്‍ക്കൊള്ളണം. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മറ്റ് മതസ്ഥരും മതമില്ലാത്തവരും എന്ന വ്യത്യാസം മാത്രമല്ല, ഹൈന്ദവ വിഭാഗത്തില്‍തന്നെ വലിയ വൈവിധ്യമുണ്ട്.’ എന്നും ഓർമ്മപ്പെടുത്തി.
‘മറ്റ് മതങ്ങളുമായി ഉള്ളതിനേക്കാള്‍ കൂടുതല്‍ വ്യത്യാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്, ഏക സിവില്‍ കോഡെന്ന സാങ്കല്‍പ്പിക പദം മാറ്റിവെച്ച് യഥാര്‍ഥത്തില്‍ എന്താണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത് എന്ന് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ ആദ്യം പരിശ്രമിക്കേണ്ടത്. നിയമനിര്‍മാണ വേദികളില്‍ അത് അവതരിപ്പിക്കണം. വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം’, ബിഷപ്പ് ആവശ്യപ്പെട്ടു.
കെ സി ബി സിയും
മണിപ്പുര്‍ കലാപത്തിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സിയും രംഗത്ത് എത്തി.
ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെങ്കില്‍ ഒരു വിഭാഗം മാത്രം ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ട അജണ്ടയുടെ ഭാഗമായി നിക്ഷിപ്ത താത്പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ഭരണകൂടത്തെയും നന്നായി ഉപയോഗിക്കുന്നു. ക്രമസമാധാന നില ഉറപ്പാക്കാന്‍ കഴിയുന്നില്ല കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.


