എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മണിപ്പൂർ സർക്കാർ. മണിപ്പൂരിലെ മാധ്യമങ്ങൾ ഏകപക്ഷീയമായി വാർത്ത കൊടുക്കുയും സർക്കാരും പൊലീസും വിഭാഗീയമായി പെരുമാറുകയും ചെയ്തു എന്ന വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് കേസ്.

സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ചില വിഭാഗങ്ങളെ മാത്രം കണ്ട് നിഗമനത്തിലെത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇതിന് എതിരെ എഡിറ്റേഴ്‌സ് ഗിൽഡിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അവകാശപ്പെട്ടു.
മണിപ്പൂർ സംഘർഷത്തിൽ മെയ്തെയ് വിഭാഗത്തിന് അനുകൂലമായി മാധ്യമങ്ങൾ പ്രവർത്തിച്ചെന്നാണ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ കണ്ടെത്തിയത്. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമവാർത്തകൾക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് എഡിറ്റേഴ്സ് ഗിൽഡ് വസ്തുതാന്വേഷണ സംഘത്തെ അയച്ചത്. ഇൻ്റർ നെറ്റ് നിരോധനം പോലെ മനുഷ്യരുടെ വിവരങ്ങൾ അറിയാനുള്ള അവകാശം പോലും കവർന്ന നടപടി കൂടുതൽ അഭ്യൂഹങ്ങളും ആക്രമണവും പരക്കാൻ ഇടയാക്കി. ഒരു വിഭാഗത്തിന് മാത്രം പ്രവർത്തിക്കാവുന്ന സാഹചര്യം ഉണ്ടാക്കി.
വാർത്തകളും വിവരങ്ങളും ഏകപക്ഷീയമായി
കുക്കികളെ കുറിച്ചുളള വാർത്തകൾ വളച്ചൊടിക്കുകയും മെയ്തെയ് വിഭാഗത്തിന്റെ വാർത്തകൾ മറച്ചുവെക്കുകയും ചെയു. ഏഴു വയസ്സുള്ള കുക്കി ബാലനെ മെയ്തെയ് ആൾക്കൂട്ടം ആക്രമിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയേയും അമ്മയേയും ആംബുലൻസിൽ ജീവനോടെ കത്തിച്ചതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ മ്യാൻമർ പൗരൻമാർക്ക് ചികിത്സ നൽകി എന്ന വാർത്ത പല മാധ്യമങ്ങളും പുറത്തുവിട്ടു. ഗ്വാൾട്ടബിയിലെ ഒരു ക്ഷേത്രം കുക്കി മിലിറ്റന്റുകൾ അശുദ്ധമാക്കിയെന്ന വാർത്തയും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

സേനയേയും കരിവാരി തേച്ചു
അസം റൈഫിൾസിനെ ലക്ഷം വെച്ചുള്ള നിരവധി വ്യാജ വാർത്തകളും പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. സേനക്ക് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന വാർത്തകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതായി എഡിറ്റേഴ്സ് ഗിൽഡ് പറയുന്നു. ഇത്തരം വ്യാജവാർത്തകൾ മണിപ്പൂർ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതായും എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോഴും തുടരുന്ന വംശീയ ശുദ്ധീകരണം
ഇംഫാലിൽ അവശേഷിച്ച കുക്കി വിഭാഗക്കാരെ സംസ്ഥാനസർക്കാർ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. രാത്രിയാണ് 24 പേരെ അർദ്ധ സൈനിക വിഭാഗം ബലമായി ഒഴിപ്പിച്ചത്. പത്ത് കുടുംബങ്ങളിൽനിന്നുള്ള ഇവരെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിച്ചത് എന്നാണ് സർക്കാർ പറയുന്നത്. പതിറ്റാണ്ടുകാളായി തമസിച്ചു വരുന്ന കുടുംബങ്ങളെയാണ് എല്ലാം വസ്തുവകകളും നഷ്ടമാക്കി മാറ്റിയത്. തട്ടിക്കൊണ്ടുപോകലിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുകി സംഘടനകൾ വ്യക്തമാക്കി. വംശീയ ഉന്മൂലനം പൂർത്തിയാക്കുന്നതാണ് ഈ നടപടിയന്ന കോൺഗ്രസ് നേതാവ് പി ചിദംബരം കുറ്റപ്പെടുത്തി


