മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ 77 ദിവസങ്ങൾക്ക് ശേഷം രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെയാണ് മണിപ്പൂർ പൊലീസ് നടപടിക്ക് തയാറായത്.
പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തി. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന വിധിയുമായി മുഖ്യമന്ത്രി ബീരേൻ സിങ് മുഖം രക്ഷിക്കൽ പ്രസ്താവന നടത്തി.

FIR ഇട്ട് 77 ദിവസം മിണ്ടാതിരുന്നു
മെയ് നാലിന് ഉണ്ടായ കലാപത്തിന്‍റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വന്‍ രോഷത്തിന് വഴിവെച്ചു.
ഇതിന് പിന്നാലെ പ്രധാന പ്രതികളിലൊരാളായ ഹുയ്റെം ഹീറോദാസ് എന്നയാളെ ഇന്ന് തൗബാലില്‍ നിന്ന് പൊലീസ് അറസറ്റ് ചെയ്യുകയായിരുന്നു. ഇതൊടൊപ്പം മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട് എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടക്കുന്നത്.
സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച ആള്‍ക്കൂട്ടം ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വീടിനടുത്ത് നിന്ന് തങ്ങളെ ഒപ്പം കൂട്ടിയ പൊലീസ് റോഡില്‍ ആള്‍ക്കൂട്ടത്തിനടുത്ത് വിട്ട് ആക്രമണത്തിന് അവസരം ഒരുക്കിയെന്നും സ്ത്രീകളില്‍ ഒരാൾ വെളിപ്പെടുത്തി. 22 ഉം 40 ഉം വയസ്സുള്ള സ്ത്രീകളാണ്.

പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തി, ഗ്രാമം ചുട്ടെരിച്ചു, എന്നിട്ടും തീരാതെ
കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പിതാവിനെയും സഹോദരനെയും അക്രമികള്‍ കൊലപ്പെടുത്തി. മെയ്തത്തി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന തരത്തില്‍ പ്രചരിച്ച വ്യാജ വീഡിയോ മറയാക്കിയാണ് അക്രമം .

സംഭവം വൻ വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് സാഹചര്യം വിലയിരുത്തി. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വരഹിതവുമെന്ന് ബീരേൻ സിങ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും ബീരേന്‍ സിങ് പറഞ്ഞു. ഇതിനിടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്ന് കേന്ദ്ര സർക്കാർ ട്വിറ്റർ അടക്കമുള്ള കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്.
തന്റെ 21 വയസുകാരിയായ സഹോദരിയെ അപമാനിക്കുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 19 വയസുകാരനായ സഹോദരനെ അക്രമികള്‍ വധിച്ചത്.


