– മഹമൂദ് മൂടാടി
കൊച്ചിയിലെ ഒരു പ്രാന്തപ്രദേശമായ മഞ്ഞുമ്മലിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയപ്പോൾ കൂട്ടത്തിലൊരാൾക്ക് സംഭവിച്ച അപകടവും തുടർന്നുള്ള അതിജീവനവുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പ്രതിപാദ്യവിഷയം.
സന്താന ഭാരതി സംവിധാനം ചെയ്ത 1991-ൽ പുറത്തിറങ്ങിയ ഗുണ എന്ന കമൽഹാസൻ നായകനായ ചിത്രത്തിലെ ഗാനരംഗം ചിത്രീകരിച്ച കൊടൈക്കനാലിലെ “ഡെവിൾസ് കിച്ചൺ” എന്നറിയപ്പെടുന്ന മരണ ഗുഹയിൽ 2006 ൽ നടന്ന ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച “മഞ്ഞുമ്മൽ ബോയ്സ് ” ഒരു മികച്ച സർവൈവൽ ത്രില്ലിംഗ് സിനിമയാണ്.
റാം ജി റാവു സ്പീക്കിംഗ് എന്ന സിദ്ധീഖ്-ലാൽ ചിത്രം പോലെ ശുദ്ധഹാസ്യത്തിലൂടെ മലയാളിയെ സാധാരണ മനുഷ്യ ജീവിതത്തിൻ്റെ ചിരിയും കണ്ണീരും നിറഞ്ഞ നൈർമല്യം വിടരുന്ന കഥ പറഞ്ഞ് നിഷ്കളങ്കമായി പൊട്ടിച്ചിരിപ്പിച്ച “ജാൻ. എ. മൻ” എന്ന ചിത്രത്തിൻ്റെ സംവിധായകൻ ചിദംബരം തന്നെയാണ് ഈ സിനിമയും ഒരുക്കിയത്.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രവും ഹൃദയമിടിപ്പിനോളം അടുപ്പത്തിലായ കൂട്ടുകാരുടെ ചിരിയും തമാശയും അടിയും പിടിയും സാഹസികതയും ത്യാഗവും കണ്ണീരും കിനാവുമെല്ലാം ആത്മാർത്ഥമായ പാരസ്പര്യതയോളം നിറഞ്ഞിരിക്കുന്ന ഒരു സ്നേഹഗാഥയാണ്.

ഗുണ എന്ന കമലഹാസൻ ചിത്രത്തിലെ “കൺമണി അൻപോട് കാതൽ” എന്ന എവർഗ്രീൻ ഹിറ്റ് ഗാനത്തിൻ്റെ ഈരടികൾ പശ്ചാത്തലയീണമായി തുടങ്ങുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം സമീപകാല മലയാള ചലച്ചിത്ര ചരിത്രത്തിലെ തന്നെ വേറിട്ടതും പുതുമ നിറഞ്ഞതുമായ ഒരു സർവൈവൽ ത്രില്ലർ മൂവിയാണ് എന്ന് തീർതു പറയാം.
തൊണ്ണൂറുകളിൽ കമലഹാസൻ്റെയും ഇളയരാജയുടെയും ആരാധകരായവർക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും “കൺമണി അൻപോട് കാതലേ”യെന്ന നിത്യ യൗവനം പേറുന്ന പ്രണയ ഗാനം മറക്കാനാവില്ല.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ക്ലൈമാക്സിൽ പാട്ടിന് ഉജ്ജ്വലമായ ഒരു കോൾബാക്ക് കൂടിയുണ്ട്, അതൊരു വേള നമ്മെ കാല്പനികതയുടെ ഏഴ് വർണങ്ങളോളം മനോഹരമായ ഒരു പക്ഷി തൂവലായി കനരഹിതമാക്കുമെന്ന് തീർച്ച.
കുടും കൂട്ടുകാരും നിറഞ്ഞ ശബ്ദഭരിതമായ ചങ്ങാത്തത്തിൻ്റെ പുറം കാഴ്ചകൾക്കുമപ്പുറം ആത്മ സൗഹൃദത്തിൻ്റെ ആന്തരികാഴങ്ങളെ സ്നേഹഭരിതമായി പകർതി വെക്കുന്ന ഈ ചിത്രത്തിൽ യുവത്വം, സാഹസികത, കമ്പാനിയഷിപ്പ്, എംപതി, സർവൈവൽ ,ദൈവവിശ്വാസം/അവിശ്വാസം എന്നിവയെക്കുറിച്ച് ലളിതവും മാനവിക മൂല്യങ്ങളിലുമൂന്നി നിൽക്കുന്നതുമായ ജീവിത ദർശനം മുന്നോട്ടു വെക്കുന്നുണ്ട്.
കമൽഹാസൻ്റെ ചിത്രത്തിലെ “കൺമണി അൻപ്പോടു കാതലേ” എന്ന ഗാനം ചിത്രീകരിച്ച ഗുണാ ഗുഹ എന്ന ചെകുത്താൻ്റെ കിച്ചൺ എന്ന് കുപ്രസിദ്ധി നേടിയ കൊടൈക്കനാലിലെ ഏറ്റവും അപകടം പിടിച്ചതും റസ്ട്രിക്ററഡ് സോണുമായ മരണക്കുഴിയിൽ മഞ്ഞുമ്മൽ ബോയ്സിലെ ഒരാൾ അകപ്പെടുന്നതും ഒടുവിൽ ആത്മ മിത്രമായ കൂട്ടുകാരൻ മരണത്തെ മുഖാമുഖം കാണുന്ന ആ അപകട ഗർത്തതിൽ നിന്നും രക്ഷപ്പെടുത്തുന്നതുമാണ് ഒരു ട്രൂ സ്റ്റോറിയെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം വൈകാരികമായ സത്യസന്ധതയോടെ പറയുന്നത്.
“കൺമണി അൻപൊട് കാതലൻ നാൻ എഴുതും കടിതമേ…”എന്ന പഴയ പാട്ടിനൊപ്പം ആരംഭിക്കുന്ന സിനിമയിൽ നമ്മൾ സാധാരണ ഇത്തരം സിനിമകളിൽ കാണുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറിന് പകരം അതേ ഗാനം രണ്ടാം പകുതിയിലെ ഒരു ക്രക്സ് മൊമൻ്റിൽ വീണ്ടും ഈണമായി നിറയുമ്പോൾ അനിർവചനീയമായ ഒരു വികാര ലോകം മഞ്ഞുമ്മൽ ബോയ്സ് തുറന്നിടുന്നുണ്ട്, ഒറ്റയൊരു ഗാന രംഗത്തിലൂടെ മുഖത്തും കണ്ണിലും മനസിലും പ്രണയത്തിൻ്റെ ആർദ്ര ഭാവങ്ങളുടെ ഇതിഹാസ മുഹൂർത്തങ്ങൾ പ്രകടമാക്കിയ കമലാഹാസനെന്ന പ്രതിഭയോടുള്ള സംവിധായകൻ ചിദംബരത്തിൻ്റെ ഒരാദരവെന്ന പോലെ .
മഞ്ഞുമ്മൽ ബോയ്സിനൊപ്പം ആദ്യം മുതൽ ഇടവേള വരെ വടം വലിച്ചും കുടിച്ചും കളിച്ചും നിർദോഷമായ പാട്ടുപാടിയും തല്ലുണ്ടാക്കിയും രസിച്ചും ഒരേ ടീമിൻ്റെ ടൂർ സ്പിരിറ്റിൽ അനായാസേന സീനിനും സീക്വൻസിനുമൊപ്പം ചില്ലായി സഞ്ചരിച്ച പ്രേക്ഷകരായ നാം പടത്തിൻ്റെ രണ്ടാം പകുതിയിൽ അക്ഷരാർഥത്തിൽ വേദനജനകമായ ഒരനുഭവലോകത്തിലേക്കകപ്പെടുന്നുണ്ട്, ഗുണാ ഗുഹയിൽ അപ്രതീക്ഷിതമായി അകപ്പെടുന്ന സുഭാഷെന്ന ഉററവനെയോർത്തുള്ള വേവലാതി മഞ്ഞുമ്മൽ ബോയ്സിലെ കുട്ടേട്ടനേയും കൂട്ടുകാരേയും പോലെ നമ്മളേയും പിടികൂടുന്നത് പോലെ…..
മഞ്ഞുമ്മേലിൻ്റെ രണ്ട് എതിരാളി ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലി കളി, തുടക്കത്തിൽ മറ്റൊരു ഫില്ലർ സ്റ്റഫ് പോലെ അനുഭവപ്പെടുന്നു,അതേ വടംവലിയുടെ തന്ത്ര വഴികൾ സിനിമയുടെ അവസാനഭാഗത്ത് രക്ഷാമാർഗമായി ഉപയോഗിക്കുമ്പോൾ ഒരു മികച്ച സംവിധായകൻ്റെ ബ്രില്യൻസ് അടയാളപ്പെടുന്നുണ്ട് .
ചലച്ചിത്രത്തിലെ ആദ്യ ഇരുപത് മിനിറ്റിനുള്ളിൽ സ്ഥാപിതമായ എല്ലാത്തിനും ശക്തമായ ഒരു കാരണമുണ്ട്, അവസാനഭാഗത്തെത്തുമ്പോൾ ന്യായീകരിക്കാൻ പറ്റുന്ന വിധം സർഗാത്മകമായ ഒരു എക്സിക്യുട്ടീവ് പൂർണതയുമുണ്ട് .
“മച്ചാനേ , എന്താണ് ദൈവം “എന്ന് ഈ ചിത്രത്തിലെ ആദ്യഭാഗത്ത് ഒരിടത്ത് വെച്ച് ശ്രീനാഥ് ഭാസിയുടെ കഥാപാത്രം സുഹൃത്തായ ഖാലിദ് റഹ്മാനോട് ചോദിക്കുമ്പോൾ ഇടയ്ക്ക് നാം മുകളിൽ കാണുന്ന വെളിച്ചമില്ലേ അതാണ് ദൈവം എന്ന ഉൾക്കാഴ്ച നിറഞ്ഞ മറുപടി പോലും ചിത്രാന്ത്യത്തിലെ കീവേഡാകുന്നതും സംവിധായകൻ്റെ ബ്രില്യൻസിന് അടിവരയിടുന്നുണ്ട് .
മഞ്ഞുമ്മൽ ബോയ്സിൻ്റെ ബാല്യകാല ഭാഗങ്ങൾ പിന്നീട് വെളിപ്പെടുത്തുന്നതും അവ ഇടയ്ക്ക് വെട്ടിമാറ്റുന്നതും അവസാന ഭാഗത്തിലത് പൊരുത്തപ്പെടുത്തുന്നതുമായ മികച്ച ആഖ്യാനവും മൈക്രോ എഡിറ്റിംഗിനും സിനിമയുടെ ട്രീറ്റ്മെൻ്റിന് ഒരു പുതിയ ശൈലി കൊണ്ടുവരുന്നുണ്ട്.
സുഭാഷ് എന്ന ശ്രീനാഥ് ഭാസി ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആത്മബലിയോളമെത്തുന്ന ചങ്ങാതിയായി ഷൗബിൻ ഷാഹിറിൻ്റെ കുട്ടേട്ടൻ എന്ന കഥാപാത്രവും മികച്ചതാണ്. സൗബിൻ ഷാഹിർ കുട്ടേട്ടൻ എന്ന കഥാപാത്രത്തിൻ്റെ രണ്ട് വ്യത്യസ്ത മാനങ്ങൾ സമർത്ഥമായി ചെയ്തിട്ടുണ്ട്, കൂട്ടുകാരുടെ രസകരങ്ങളായ തമാശകളിൽ പങ്കാളിയാകുകയും നിർണായക നേരങ്ങളിൽ ഉത്തരവാദിത്തമുള്ള മുതിർന്നയാളായും പക്വമായ തീരുമാനങ്ങളും എടുക്കുന്ന കഥാപാത്രമായി.
ജീൻ പോൾ ലാൽ, ചന്ദു സലീം കുമാർ, ഖാലിദ് റഹ്മാൻ എന്നിവരുടെ കഥാപാത്രങ്ങളും മറക്കാനാവാത്ത അഭിനയ മുഹൂർതങ്ങൾ കാഴ്ചവെക്കുന്ന ചലച്ചിത്രം കൂടിയാണിത്. സമീപകാലത്ത് പ്രശസ്തനായ ജോർജ്ജ് മരിയനും മറ്റ് ചില തമിഴ് നടന്മാരും ഈ ചിത്രത്തിൽ സ്വാഭാവികമായ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെയും സൗബിൻ്റെയും കുട്ടിക്കാല വേഷങ്ങൾ ചെയ്ത ബാലതാരങ്ങളും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
ഒരു മികച്ച സർവൈവൽ ത്രില്ലർ മൂവിയുടെ കഥാന്തരീക്ഷവും മൂഡും ചിത്രീകരണത്തിലൂടെ സാധ്യമാക്കിയ ഷൈജു ഖാലിദിൻ്റെ ഛായാഗ്രഹണവും വേറിട്ടുനിൽക്കുന്നു.
പ്രേക്ഷകർക്ക് ശ്വാസംമുട്ടലും പിരിമുറുക്കവും അനുഭവിക്കേണ്ടി വരുന്ന വിഷ്വലുകളിൽ അദ്ദേഹത്തിൻ്റെ വിസ്മയിപ്പിക്കുന്ന ചിത്രീകരണ ശൈലി ചിത്രത്തിന് വലിയൊരു മുതൽക്കൂട്ടാണ്.
അതിജീവനത്തിൻ്റെ ആവേശം പകരാൻ ഷൈജു ഖാലിദിൻ്റെ ഛായാഗ്രഹണം സഹായകമാണ്.
പ്രധാനമായും, ഗുഹയ്ക്കുള്ളിൽ നടക്കുന്ന രംഗങ്ങളിൽ, തിരക്കില്ലാത്ത ക്യാമറ ചലനങ്ങളും ഫ്രെയിമുകളും കൊണ്ട് അദ്ദേഹം മികവ് പുലർത്തിയിട്ടുണ്ട്. ശരീരം കുഴിയിൽ വീഴുന്ന ഷോട്ട് വിഎഫ്എക്‌സിൻ്റെ സഹായത്തോടെ ഭയാനകമായ സ്‌ക്രീൻ അനുഭവം നൽകുന്നു.
സിനിമയുടെ നീണ്ടുനിൽക്കുന്ന തീവ്രതയ്ക്ക് സംഭാവന നൽകുന്ന വിവേക് ഹർഷൻ്റെ എഡിറ്റിംഗ് അവസാനത്തെ വൈകാരിക രംഗങ്ങളും മനോഹരമായി കൈകാര്യം ചെയ്യുന്നു.
വൈകാരികവും പിരിമുറുക്കവുമായ രംഗങ്ങളിൽ പശ്ചാത്തല സംഗീതം കൊണ്ട് സുഷിൻ ശ്യാം വിസ്മയം തീർത്തു.
‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന മുൻ ചിത്രത്തിലെ പശ്ചാത്തല സംഗീതം ഇടയ്‌ക്കിടെ കണ്ണോടിച്ചാൽ മാത്രം മതി.
അജയൻ ചല്ലിശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ അതിശയിപ്പിക്കുന്നതാണ്, അത് ഗുണ ഗുഹയുടെ പ്ലോട്ടിനെ ഒരു കുഴിയായി അവതരിപ്പിക്കുന്നു, അതിനുള്ളിൽ നിരവധി മടക്കുകളും ആകൃതികളും. മറ്റ് സാങ്കേതിക വിഭാഗങ്ങളായ സൗണ്ട് ഡിസൈൻ, മേക്കപ്പ് എന്നിവയും മികച്ചതാണ്.
ചിത്രത്തിന് മികച്ച പ്രൊഡക്ഷൻ ഡിസൈനും ഉണ്ട്, അത് ഇമേജറിയെ ഒരു വലിയ പരിധി വരെ പിന്തുണയ്ക്കുന്നു.
സുഷിൻ ശ്യാമിൻ്റെ മാന്ത്രിക വശ്യതയുള്ള സംഗീതം അതിമനോഹരമായി ചെയ്ത സൗണ്ട് ഡിസൈനുമായി നന്നായി യോജിക്കുന്നുണ്ട്. ചിത്രത്തിൻ്റെ എഡിറ്റിംഗ് വളരെ മികച്ച വേഗത നിലനിർത്തുന്നു, അത് പ്രേക്ഷകനെ ഒട്ടും അശ്രദ്ധനാക്കാതെ സൂക്ഷ്മമായി പിടിച്ചിരുത്തുന്നുണ്ട്. എന്തിനേറെ, ശ്രീനാഥ് ഭാസിയുടെ ട്രോമ -പീരീഡിലെ മേക്കപ്പു പോലും ഗംഭീരമായ ക്രിയേറ്റീവ് വർക്കായി തോന്നി.

തീർച്ചയായും, കോമഡിയെ എങ്ങനെ സമീപിക്കാമെന്നും ഭയത്തിൻ്റെ വിപരീത വികാരത്തെ എങ്ങനെ ചിത്രീകരിക്കാമെന്നും, മരണത്തെ മുഖാമുഖം കാണുന്ന ഘട്ടത്തിൽ അതിജീവിക്കാനുള്ള അവസാന വട്ട ശ്രമങ്ങളെ ചലച്ചിത്രമെന്ന മാധ്യമത്തിൽ സൂക്ഷ്മമായി എങ്ങനെ അവതരിപ്പിക്കാമെന്നും സർഗാത്മകമായി തെളിയിക്കുന്ന ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്’.
ഒരു ത്രില്ലർ സ്റ്റോറിയേക്കാൾ വിസ്മയമായി മാറിയ മഞ്ഞുമ്മൽ ബോയ്സിൻ്റെ റിയൽ ലൈഫ് എന്നത് സത്യത്തിൽ മനുഷ്യാവസ്ഥയുടെ എന്നത്തേയും അതിജീവനത്തെക്കുറിച്ചാണ്, മലയാള സിനിമയിൽ ഇതുവരെ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും ഫിറ്റ് സർവൈവൽ ത്രില്ലറുകളിൽ ഒന്നായി “മഞ്ഞുമ്മൽ ബോയ്സ്” എന്ന ചിത്രം ചരിത്രമായി മാറുന്നതിങ്ങനെയാണ്….