കേരളത്തിന്റെ ഉത്പാദന ക്ഷമതയുടെ ഇരട്ടിയിലധികമാണ് അയല്‍ സംസ്ഥാനങ്ങളില്‍. അശാസ്ത്രീയമായ വളപ്രയോഗവും ആധികാരികമായ വിവരങ്ങൾ ലഭിക്കാനുള്ള സൌകര്യം ഇല്ലായ്മയും നാളികേര കർഷകരുടെ എക്കാലത്തെയും പ്രശ്നമാണ്. ഇത്തിരി കാര്യങ്ങളിൽ എങ്കിലും ശ്രദ്ധ പുലർത്തിയാൽ മികച്ച വിളവ് നേടാം.
തെങ്ങിന്റെ തടം തുറക്കുന്നത് മുതല്‍ എല്ലാ കാര്യത്തിലും അല്‍പം ശ്രദ്ധ നല്ലതാണ്. തെങ്ങിന് ചേർന്ന് മണ്ണ് നീക്കുന്നതല്ല ശരിയായ രീതി. തെങ്ങ് മുതല്‍ തടത്തിന്റെ വരമ്പ് വരെ 2 മീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ വേണം തടം തുറക്കാന്‍. വേരുകളുടെ അഗ്രഭാഗത്ത് മാത്രമേ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള സൗകര്യമുള്ളൂ. ഇത്തരം വേരറ്റങ്ങള്‍ ധാരാളമായി കാണുന്നത് തെങ്ങിന്‍ചുവട്ടില്‍നിന്നും ഏതാണ്ട് രണ്ടുമീറ്റര്‍ (ആറ് അടി) അകലത്തില്‍ ഒന്നരയടി വീതിയുള്ള ഭാഗത്ത് മാത്രമാണ്. ഇവിടെയാണ് വളങ്ങള്‍ വിതറിയിടേണ്ടത്.
തടത്തില്‍ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കില്‍ ഡോളൊമൈറ്റ് വേണം. മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം .
കുമ്മായത്തിന് ശേഷം പച്ചില വളപ്രയോഗമാകാം. വളക്കൂറുള്ളതും എളുപ്പം അഴുകുന്നതുമായ പച്ചിലകളാണ് ഉത്തമം . ശീമക്കൊന്ന , ചണമ്പ്, കൊഴിഞ്ഞില്‍ , പയറു വര്‍ഗ്ഗ വിളകള്‍ എന്നിവയെല്ലാം നല്ലതാണ് . സ്ഥൂല ജൈവവളങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട തെങ്ങിന് 15 മുതല്‍ 25 കിലോ ജൈവവളങ്ങള്‍ ആവശ്യമാണ് . പച്ചില വളപ്രയോഗത്തിന് ശേഷം മറ്റ് നാടന്‍ വളങ്ങള്‍ പ്രയോഗിക്കാം. ചാണകം , കമ്പോസ്റ്റ് , ആല വളം, ചാരം , പിണ്ണാക്ക് , എല്ലുപൊടി , കോഴിവളം , മത്സ്യ വളം , മണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ലഭ്യതക്കനുസരിച്ച് ഉപയോഗിക്കാം .
കൃഷിക്കാര്‍ക്ക് കടല പിണ്ണാക്കിനോട് പ്രത്യേക മമത ഉണ്ടെങ്കിലും വിലയും പോഷകാംശവും കീട രോഗ പ്രതിരോധശേഷിയും വെച്ചു നോക്കുമ്പോള്‍ വേപ്പിന്‍ പിണ്ണാക്കാണ് തെങ്ങിന് ഉത്തമം . മണ്ഡരി , ചെന്നീരൊലിപ്പ് , തഞ്ചാവൂര്‍ വാട്ടം എന്നിവയൊക്കെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ വേപ്പിന്‍ പുണ്ണാക്കിന് കഴിയും . ഒരു തെങ്ങിന് 5 കിലോ എന്ന നിരക്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കാം.
ചാരം നല്ലവളമാണെങ്കിലും പൊട്ടാഷിന്റെ അളവ് പൊതുവെ കുറവാണ് . തെങ്ങിന്റെ ഭാഗങ്ങള്‍ കത്തിച്ചു കിട്ടുന്ന ചാരം മികച്ച പൊട്ടാഷ് വളമാണ് . ഒരു തെങ്ങിന് ഒരു കിലോ എല്ലുപൊടി പ്രയോഗിക്കാമെങ്കിലും ഗുണമേന്മ ഉറപ്പ് വരുത്തേണ്ടതുണ്ട് .
നന്നായി ജൈവവളം ചെയതിട്ടുണ്ടെങ്കില്‍ ഒരാഴ്ചയെങ്കിലും കഴിഞ്ഞ് രാസവളം കൂടെ ചേര്‍ത്ത് തടം മൂടുന്നതാണ് നല്ലത്. നേര്‍ വളങ്ങളാണ് വിലക്കുറവില്‍ മെച്ചം . ശരാശരി പരിചരണം നല്‍കുന്ന ഒരു തെങ്ങിന് മുക്കാല്‍ കിലോ യൂറിയ, 850 ഗ്രാം മഷൂറി ഫോസ,് ഒന്നേകാല്‍ കിലോ പൊട്ടാഷ് എന്നിവ നല്‍കാം .
ജലസേചനമടക്കമുള്ള മികച്ച പരിചരണം നല്‍കുന്നുണ്ടെങ്കില്‍ ഒരു കിലോ നൂറ് ഗ്രാം യൂറിയ , ഒരു കിലോ അറുനൂറ് ഗ്രാം മഷൂറി, 2 കിലോ പൊട്ടാഷ് എന്നിങ്ങനെ നല്‍കാം. 10:5:20 കോക്കനട്ട് മിശ്രിതമാണെങ്കില്‍ യഥാക്രമം മൂന്ന് കിലോ നാനൂറ് ഗ്രാമും അഞ്ച് കിലോയും നല്‍കാം .
തെങ്ങിന് അത്യന്താപേക്ഷിതമായ സസ്യപോഷകാംശമാണ് പൊട്ടാഷ് . അത് കൊണ്ട് ഫാക്ടംഫോസ് മാത്രമായി തെങ്ങിന് നല്‍കരുത്. ആവശ്യമായ അളവില്‍ യൂറിയയും പൊട്ടാഷും ചേര്‍ത്ത് മാത്രമെ തെങ്ങിന് ഫാക്ടംഫോസ് നല്‍കാവൂ .
ശരാശരി പരിചരണമുള്ള തെങ്ങൊന്നിന് 350 ഗ്രാം യൂറിയ, 850 ഗ്രാം ഫാക്ടംഫോസ്, ഒരു കിലോ ഇരുനൂറ്റി അമ്പത് ഗ്രാം പൊട്ടാഷ് എന്നിവ ആവശ്യമാണ്.
മെച്ചപ്പെട്ട പരിചരണം നല്‍കുന്ന തെങ്ങൊന്നിന് 400 ഗ്രാം യൂറിയ, ഒരു കിലോ അറുനൂറ് ഗ്രാം ഫാക്ടംഫോസ്, 2 കിലോ പൊട്ടാഷ് എന്നിവ വേണം .
രാസവളങ്ങള്‍ മൂന്നിലൊരു ഭാഗം ഇടവപ്പാതിയിലും ബാക്കി തുലാവര്‍ഷത്തിലും നല്‍കുന്നതാണ് ഉചിതം. തെങ്ങൊന്നിന് അരക്കിലോ മെഗ്‌നീഷ്യം സള്‍ഫേറ്റും നല്‍കാം .
![](/wp-content/uploads/2023/09/098.jpg)
ഓർക്കുക തെങ്ങിൻ്റെ മണ്ടയിൽ മൂന്നു വർഷം മുൻപത്തെ വളമാണ്
തെങ്ങിനുവേണ്ട മുഖ്യപോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍പികെ) എന്നിവ യഥാക്രമം 1:1:2: എന്ന അനുപാതത്തില്‍ വേണം നല്‍കാന്‍. അതായത്, നൈട്രജന്റെ ഇരട്ടിയോളം പൊട്ടാഷ് വളത്തില്‍ ഉണ്ടാകണം. യൂറിയയിലും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിലും 100 ഗ്രാം വളത്തില്‍ യഥാക്രമം 46 ഗ്രാമും 50 ഗ്രാമും നൈട്രജനും പൊട്ടാഷും അടങ്ങിയിട്ടുണ്ട്.
ഫോസ്ഫേറ്റ് വളങ്ങളില്‍ ശരാശരി 18-20 ശതമാനം ഫോസ്ഫറസേ ഉണ്ടാകൂ. മാര്‍ക്കറ്റില്‍ കിട്ടുന്ന കോക്കനട്ട് മിക്‌സറില്‍ 8:8:16 എന്നെഴുതിയിട്ടുള്ളത് ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. പക്ഷേ, മിക്‌സറിന്റെ വിലയുടെ നാലില്‍ ഒന്ന് മതിയാകും നേര്‍വളങ്ങള്‍ ഉപയോഗിച്ചാല്‍ എന്ന കാര്യം പലരും ഓര്‍ക്കാറില്ല! കേരളത്തിലെ ശരാശരി തേങ്ങയുത്പാദനം ആണ്ടില്‍ ഒരു തെങ്ങില്‍ നിന്ന് 30 തേങ്ങ മാത്രമാണ്. അതേസമയം, 200-300 തേങ്ങ തരുന്ന സൂപ്പര്‍ പാമുകള്‍ ചിലപ്പോള്‍ കണ്ടുവെന്ന് വരാം.
സൂപ്പര്‍ പാമുകള്‍ക്ക് ആണ്ടില്‍ അഞ്ചുകിലോ വരെ എന്‍പികെ മിശ്രിതം നല്‍കുമ്പോള്‍ ശരാശരി വിളവിന് രണ്ടുകിലോ മതിയാകും. രാസവളങ്ങള്‍ ചേര്‍ത്ത് മൂന്നുവര്‍ഷം കഴിഞ്ഞേ അതിന്റെ ഫലം തെങ്ങിന്റെ മണ്ടയില്‍ ദൃശ്യമാകൂ. വളം ചേര്‍ത്ത് മൂന്നാം വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ ഉത്പാദനവര്‍ധന കാട്ടാത്ത തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം നല്ല തൈകള്‍ നടണം.