‘ഫ്രണ്ട്സ്’ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറി (54) കുളിമുറിയിൽ മരിച്ച നിലയില്‍. ലോസ് ആഞ്ജലസിലെ വസതിയിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്സില്‍ ‘ചാന്‍ഡ്ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്.
ന്യൂയോർക്കിലെ മാൻഹട്ടനിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് അമേരിക്കൻ സിറ്റ്കോമായ ഫ്രണ്ട്സ് പറഞ്ഞത്. സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിത സന്ദര്‍ഭങ്ങളായിരുന്നു ഒരോ സീസണിലും വന്നത്. 1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായിരുന്നു ഫ്രണ്ട്സിന് ഉണ്ടായത്. ഡേവിഡ് ക്രെയ്ൻ, മാർത്ത കാഫ്മാൻ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. 18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രണ്ട്സ് ഇപ്പോഴും ഒടിടി വഴിയും ആസ്വദിക്കുന്നത് കോടിക്കണക്കിന് പേരാണ്. പരമ്പരയുടെ അവസാന എപ്പിസോഡിന് യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നു എന്നാണ് കണക്ക്.

മദ്യത്തിനും വേദനസംഹാരികള്‍ക്കും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരിയില്‍നിന്ന് മുക്തനാകാന്‍ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ലഹരിയ്ക്ക് അടിമപ്പെട്ട കാലഘട്ടത്തില്‍ ഫ്രണ്ട്‌സില്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണില്‍ അഭിനയിച്ചതുപോലും ഓര്‍മയില്ലെന്ന് മാത്യു വെളിപ്പെടുത്തിയിരുന്നു.
ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ്, 17 ഇയേഴ്‌സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1979 ല്‍ പുറത്തിറങ്ങിയ 240 റോബര്‍ട്ട് എന്ന സീരീസിലൂടെയാണ് വിനോദരംഗത്ത് മാത്യു അരങ്ങേറ്റം കുറിച്ചത്.