വായനയുടെ ആഘോഷവും പ്രൈഡ് മാസവും ഒന്നിച്ചെത്തുമ്പോഴുള്ള ആലോചനകള്‍

സ്വത്വാന്വേഷണത്തെ ആശയമോ ഉപകരണമോ ആക്കുന്നത് സാഹിത്യത്തില്‍ പൊതുവെ നടക്കുന്ന ഒന്നാണ്.വിഷാദവും ഏകാന്തതയും മുഴച്ചു നില്ക്കുന്ന അന്തര്‍മുഖമായ വൈകാരിക സമസ്യകളെ കൂട്ടിക്കുരുക്കി കലുഷമാക്കാന്‍ എല്ലാ എഴുത്തു മാധ്യമങ്ങള്‍ക്കും ശേഷിയുമുണ്ട്. കോശം തിരിച്ചും കണിക തിരിച്ചും കാണാനുള്ള ആഴം വായനയിലൂടെ പ്രാപ്തമാകുന്നത് അത് ഉള്‍ക്കൊള്ളുന്ന ക്രമരഹിതമായ ലോക വിശാലത കൊണ്ടുകൂടിയാണ്. അനുക്രമമായി വളരുന്ന ഈ പ്രകൃയയിലൂടെ സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള അപാരമായ ആലോചനകള്‍ ഒരാളില്‍ ഉണ്ടാവുകയും അതിലുപരിയായി അപര സ്വത്വത്തിന്റെ സവിശേഷതയെ അംഗീകരിക്കാന്‍ അയാള്‍ പ്രാപ്തരാവുകയും ചെയ്യുന്നു.
തീര്‍ത്തും അനന്യമായ ഈ സവിശേഷതകളെ അതിന്റെ യഥാര്‍ത്ഥ മേല്‍വിലാസത്തില്‍ തന്നെ അഭിസംബോധന ചെയ്യാന്‍ സാഹിത്യവും മറ്റിതര എഴുത്ത് രൂപങ്ങളും സഹായകമാകും.
ലോകമെന്ന അതിവിശാലമായ അനുഭവ സമാഹാരത്തെയും സ്വത്വബോധമെന്ന തീര്‍ത്തും വൈയക്തികമായ അനുഭവ ബോധ്യത്തെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഒരുതരം തുറവിയിലേക്ക് സാധാരണയായി പുസ്തകം അതിന്റെ ഉപയോക്താക്കളെ ക്ഷണിക്കാറുണ്ട്.
ആ ക്ഷണം സ്വീകരിച്ച മനുഷ്യര്‍ അതിന്റെ മഹത്വം പ്രഘോഷിക്കാനെന്ന വിധം ഒരു ദിനവും വാരവും തെരഞ്ഞെടുക്കുമ്പോള്‍ അതിനൊപ്പം തന്നെ സ്വത്വാവബോധത്തിന്റെയും വൈയക്തികമായ ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരമായ മനുഷ്യാവസ്ഥയും അതിജീവനപരവും ആവേശോജ്വലവുമായ ആഘോഷവുമുണ്ടാകുന്നതില് ഗുണപരമായ എന്തൊക്കെയോ ഉണ്ട്.
വ്യക്തി അനുഭവങ്ങളെയും അവയുടെ സമാനമല്ലാത്ത അനേക വൈകാരിക സംഘര്‍ഷങ്ങളെയും ഉള്‍ക്കൊള്ളാനോ അഭിസംബോധന ചെയ്യാനോ സമൂഹത്തിനോ അതിന്റെ ഭൂരിപക്ഷ ഉപകരണങ്ങള്‍ക്കോ കഴിയില്ല. പുരോഗനമാശങ്ങള് എത്രകണ്ട് വേരുപിടിച്ചാലും ഈ അനന്യതയെ എത്രത്തോളം സ്വീകാര്യമാക്കാന്‍ കഴിയുമെന്നതില്‍ സംശയമുണ്ട്.അവിടെയാണ് സാഹിത്യവും, വിശാലാര്‍ത്ഥത്തില്‍ പുസ്തകവും ധര്‍മ്മ നിര്‍വ്വഹണം നടത്തുന്നത്. സമൂഹത്തിന്റെ ക്രമത്തോടും ശരികേടുകളിലെ ശരികളോടും ആന്തരികമായെങ്കിലും കലഹിക്കാന്‍ വായനക്കാര്‍ക്കു കഴിയും. ലൈംഗിക സ്വാതന്ത്ര്യം, ശരീരം, പ്രണയം, ആത്മഹത്യ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വിഷയങ്ങളില്‍ ബോധ്യ നവീകരണം ഉപദേശ സ്വഭാവമില്ലാതെ ഭാവുകത്വപരമായി വയനവഴി നമ്മളിലേക്ക് എത്തുന്നുണ്ട്. അതില്‍ പ്രധാനമായ ഒന്നാണ് ലൈംഗിക സ്വാതന്ത്ര്യം.
ശാരീരികാവസ്ഥകളുടെ സവിശേഷതയും സ്വയം തെരഞ്ഞെടുക്കേണ്ട ലൈംഗിക സ്വത്വവും അതിന്റെ പ്രാധാന്യത്തെക്കുറിക്കാന് ഒരു മാസം തിരഞ്ഞെടുക്കുന്നത് പ്രചരണങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും കാരണമാകുന്നു. ചര്‍ച്ചകളുടെ സജീവതയിലേക്ക് ഈ സ്വാതന്ത്ര്യ പ്രഖ്യാപനം കടന്നു വരുകയും ക്രമേണ സമൂഹത്തിന്റെ സ്വാഭാവികതകളിലേക്ക് ഈ വ്യക്തിത്വങ്ങളും കടന്നു വരുമെന്നും നമ്മള് പ്രത്യാശിക്കുന്നു.
പറഞ്ഞു വരുന്നത് വായനയിലുണ്ടാകുന്ന വേലിയേറ്റം ബഹുസ്വരതയെയും അനന്യതയെയും ഉള്‍ക്കൊള്ളുമ്പോള്‍ അതിനോട് ചേര്‍ന്നു തന്നെ സ്വാത്വാവബോധത്തിന്റെ വര്‍ണ്ണങ്ങളും പടരുന്നു എന്നാണ്. അത് ക്രമങ്ങള്‍ക്കും രേഖകള്‍ക്കും സ്വാഭാവികതകള്ക്കുമപ്പുറത്ത് വിശാലമായ ഒരു ലോകത്തിന്റെയും അപാരമായ മാനവ വൈവിധ്യത്തിന്റെയും അനേകമായ തുറസ്സുകളുടേയും സാധ്യതകളെ നമുക്കു മുന്നില്‍ തുറന്നിടുന്നു.
പുസ്തകം വായിക്കാം..
അവയില്‍ നിന്ന് ഏഴല്ല, എഴുപതിലും തീരാത്ത നിറങ്ങളുടെ ലോകത്തെ മുന്‍വിധികളില്ലാതെ പുണരാം..

