തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി ഫോൺ കമ്പനിയിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതായി പ്രതിപക്ഷ നേതാക്കളും എം.പിമാരും. ശശി തരൂർ അടക്കമുള്ളവർ അറിയിപ്പ് പരസ്യപ്പെടുത്തി രംഗത്ത് എത്തി. സ്റ്റേറ്റ് സ്പോൺസേർഡ് ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും ആപ്പിൾ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കുറ്റവാളികളുടെയും കള്ളൻമാരുടെയും പ്രവർത്തിയാണ് ഇതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭയപ്പെട്ട് പിന്നോട്ട് പോകില്ല, എത്രവേണമെങ്കിലും ചോർത്തിക്കോളൂ എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, അഖിലേഷ് യാദവ്, ശിവസേന എം.പി. പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടൊപ്പം രാഹുൽ ഗാന്ധിയുടെ ഓഫീസിലെ എല്ലാവരുടെയും ഫോൺ ചോർത്തപ്പെടുന്ന എന്ന് അദ്ദേഹം വെളിപ്പെടുത്തി. കെ സി വേണുഗോപാലിനും അറിയിപ്പ് ലഭിച്ച കാര്യം രാഹുൽ പറഞ്ഞു. പ്രിയങ്ക, തരൂര്‍, മഹുവ, പവന്‍ ഖേര തുടങ്ങിയവര്‍ ആപ്പിളില്‍നിന്ന് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
എ.എ.പി. എം.പി. രാഘവ് ഛദ്ദ, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ തുടങ്ങിയവര്‍ക്കും ഇതേ സന്ദേശം ലഭിച്ചു.
‘മുന്നറിയിപ്പ്: സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് അറ്റാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യംവെക്കുന്നുണ്ടാകാം എന്ന് ആപ്പിള്‍ കരുതുന്നു’ നിങ്ങള്‍ ആരാണെന്നതോ നിങ്ങള്‍ എന്തുചെയ്യുന്നു എന്നതോ ആകാം ഇവര്‍ നിങ്ങളെ ലക്ഷ്യംവെക്കാന്‍ കാരണം. ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നപക്ഷം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ക്യാമറ, മൈക്രോഫോണ്‍ എന്നിവ പോലും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആയ അറ്റാക്കര്‍ക്ക് രഹസ്യമായി ഉപയോഗപ്പെടുത്താനാകും. ഇതൊരു തെറ്റായ മുന്നറിയിപ്പാകാമെന്ന് കരുതാമെങ്കിലും ഈ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം, സന്ദേശത്തിൽ പറയുന്നു.


