വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് 54-കാരി ജീവനൊടുക്കി. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതിയാണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവടി ബീരാൻ(58) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച വെെകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
നാട്ടുകാർ എത്തിയപ്പോൾ ബീരാൻ ചന്ദ്രമതിയുടെ വീട്ടിലെ മുറിയിലെ ബെഡിൽ വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു. ചന്ദ്രമതിയെ വീടിൻ്റെ പുറകുവശത്ത് തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ചന്ദ്രമതി കുറച്ചുകാലമായി ഒറ്റക്കാണ് താമസം. രണ്ടു മക്കളുണ്ട്. ഭർത്താവ് നേരത്തെ ഉപേക്ഷിച്ച് പോയതാണ്. ചന്ദ്രമതിയും ബീരാനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് സൂചന.
ഞായറാഴ്ച ഉച്ചയോടെയാണ് ബീരാൻ പഴേരിയിൽ ചന്ദ്രമതിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.