തൃശ്ശൂര്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍. മത്സരിച്ചാല്‍ കോഴിക്കോട് മിഠായി തെരുവില്‍ ഹല്‍വ കൊടുത്തത് പോലെയാകുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശ്ശൂരില്‍ നടത്തിയ രാഷ്ട്രീയ പ്രയോഗങ്ങൾക്ക് പിന്നാലെയാണ് പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍.
തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീംകലര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ പാര്‍ട്ടി തന്നെയാകുമെന്നും കെ.രാജന്‍ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി മോഡിയുടെ പരാമർശം ലക്ഷ്യം വെച്ചാണ് മറുപടി.
‘ഞങ്ങളാരും തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയംകലര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്നുണ്ടാകും. തൃശ്ശൂര്‍പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടേയും അഭിമാനമായ പൂരമാണത്. അതില്‍ മത-ജാതി-രാഷട്രീയഭേദങ്ങളില്ല. അതില്‍ രാഷ്ട്രീയംകലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കും’, മന്ത്രി രാജന്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെയും പരിഹസിച്ചു. ‘ചില പാര്‍ട്ടികള്‍ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ചിലര്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താത്പര്യം. എന്തായാലും തൃശ്ശൂര്‍ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായിത്തെരുവില്‍ ഹലുവ കൊടുത്തപോലെയാകും. മത്സരിച്ചാല്‍ വിവരം അറിയും’, മന്ത്രി വ്യക്തമാക്കി.