ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അന്വേഷണ കമ്മീഷന്‍ നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല.
ഹര്‍ഷിനയ്ക്ക് നീതി കിട്ടണമെന്നുതന്നെയാണ് ആഗ്രഹം. സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ല. അന്വേഷണം തൃപ്തികരമല്ലെന്ന കാരണത്താലാണ് പൊലിസ് അന്വേഷണം ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഹര്‍ഷിന പറഞ്ഞത് വിശ്വസിക്കുന്നു. അന്വേഷണം കൃത്യമായി നടക്കും. കുറ്റക്കാരെ കണ്ടെത്തും. തുടക്കംമുതല്‍ പറഞ്ഞതില്ലെല്ലാം ഉറച്ചുനിൽക്കുന്നു. അന്വേഷണ കമ്മീഷൻ നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല എന്നത് കൊണ്ടാണ് പൊലീസ് അന്വേഷിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടത്. അന്വേഷണത്തിന് അനുസരിച്ച് നിയമ നടപടി സ്വീകരിക്കും. ഈ വിഷയത്തില്‍ ഒരാളെയും സംരക്ഷിക്കില്ല.
പ്രതികള്‍ മെഡിക്കല്‍ കോളെജില്‍ എത്തുന്നത് വിലക്കണമെന്ന് ഡി.എം.ഇ. പറഞ്ഞിട്ടുണ്ട്, മന്ത്രി പറഞ്ഞു. സമരം തുടരുന്ന സാഹചര്യം സംബന്ധിച്ച് മന്ത്രി പ്രതികരിച്ചില്ല. പോലീസ് അന്വേഷണം നടക്കട്ടെയെന്നും ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും മന്ത്രി ആവർത്തിച്ചു.


