റവന്യൂ മന്ത്രി കെ. രാജനെതിരേ പ്രാദേശിക താത്പര്യം മുൻനിർത്തി സിപിഎം നേതാവ് എംഎം മണി. ഇടുക്കിയിലെ ഭൂപ്രശ്‌നം തീരാത്തതിൻ്റെ ഉത്തരവാദി നിങ്ങളാണെന്ന് റവന്യൂ മന്ത്രിയോട് നേരിട്ട് പറയേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നടിച്ച് പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് എം എം മണി സൂചിപ്പിച്ചു.
എന്നാൽ പാർട്ടി മര്യാദ പാലിച്ചാണ് കടുത്ത നിലപാട്. മന്ത്രിക്ക് തന്നോട് ഭിന്നാഭിപ്രായം ഉണ്ടാകാന്‍ വഴിയുണ്ടെന്നും എന്നാല്‍ തനിക്ക് അദ്ദേഹത്തോട് ഭിന്നാഭിപ്രായം ഇല്ലെന്നും മണി മാധ്യമങ്ങൾക്ക് മുമ്പാകെ തുറന്നു വെച്ചു. ഏതെങ്കിലും ഒരു പാര്‍ട്ടിയോ വ്യക്തിയോ എടുക്കുന്നതല്ല സര്‍ക്കാരിന്റെ നിലപാട് എന്നാണ് പ്രഖ്യാപനം.
‘റവന്യൂമന്ത്രി, അങ്ങേര് അങ്ങനെ പലതും പറയും. അങ്ങേര്‍ക്ക് എന്നോട് ഇഷ്ടക്കേടൊക്കെ ഉണ്ട്. അതിന് കാരണവുമുണ്ട്. അദ്ദേഹം ഇവിടുത്തെ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. നേരത്തെ ഒന്ന് വിളിച്ചു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്കൊന്നും തീരുമാനമായില്ല. പിന്നേയും ഒരു യോഗം വിളിച്ചു. പിന്നീട് മൂന്നാമതൊന്ന് കൂടി വിളിച്ചപ്പോള്‍ എനിക്കത് അത്ര സുഖമായി തോന്നിയില്ല. ഭൂമിയുടെ പ്രശ്‌നമൊന്നും തീരാതെ എന്തിനാണ് ഇങ്ങനെ യോഗം വിളിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു.
ന്യായമാണേല്‍ ന്യായം അന്യായമാണേല്‍ അന്യായമെന്ന് പറയും.
അങ്ങനെയുള്ള ചെറിയ പ്രശ്‌നമുണ്ട്. പുള്ളിയും താനുമായി അഭിപ്രായ വ്യത്യാസവുമുണ്ട്. ഇടുക്കിയിലെ ഭൂപ്രശ്‌നം തീരാത്തതിന്റെ ഉത്തരവാദി നിങ്ങളാണെന്ന് മന്ത്രിയോട് പറയേണ്ടി വന്നിട്ടുണ്ട്. തമാശയോ രഹസ്യമോ അല്ല. ഉദ്യോഗസ്ഥരും കളക്ടറുമെല്ലാം ഇരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അതിന്റെ ഭിന്നാഭിപ്രായം അദ്ദേഹത്തിന് എന്നോട് ഉണ്ടാകാന്‍ വഴിയുണ്ട്. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഭിന്നാഭിപ്രായം ഇല്ല. ന്യായമാണേല്‍ ന്യായം അന്യായമാണേല്‍ അന്യായമെന്ന് പറയും.’- മണി പറഞ്ഞു.
നിലവില്‍ ഇടുക്കിയിലെ ഭുപ്രശ്‌നം സങ്കീര്‍ണമാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പ്രതിപക്ഷത്തെയും ആക്രമിച്ചു. കോണ്‍ഗ്രസാണ് രാജ്യം കൂടുതല്‍ നാള്‍ ഭരിച്ചത്. 60ലേയും 64ലേയും നിയമങ്ങളെല്ലാം കൊണ്ടുവന്നത് അവരാണ്. ആ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഇവിടുന്ന് കുറച്ച് ആളുകള്‍ പോയി അംഗീകാരം കൊടുക്കരുതെന്ന് കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു. നിയമം ഭേദഗതി ചെയ്താലേ ഇവിടെ മറ്റ് ചട്ടങ്ങള്‍ ആവിഷ്‌കരിച്ച് ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ കഴിയുവെന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും എം.എം മണി പറഞ്ഞു.
കരിമ്പൂച്ചയും ജെസിബിയും ആണ് ദൗത്യസംഘം എന്ന് ആരും ദുഃസ്വപ്നം കാണേണ്ട. കൊമ്പന്‍മീശ ഇല്ലാത്ത ഉദ്യോഗസ്ഥനെ വച്ചും ദൗത്യ സംഘം പ്രവര്‍ത്തിക്കും. അനധികൃത കയ്യേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാരിന്റെകൂടി നയമാണ്. കയ്യേറ്റവും കുടിയേറ്റവും ഒരുപോലെ കാണാന്‍ കഴിയില്ല. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കി വെച്ചവര്‍ നിയമ നടപടിക്ക് വിധേയമാകേണ്ടിവരും. അഞ്ച് സെന്റിന് താഴെയുള്ളവരെ ഒഴിപ്പിക്കുകയല്ല ലക്ഷ്യമെന്നും മന്ത്രി കെ രാജന്‍ നേരത്തെ പറഞ്ഞിരുന്നു.
അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ. അതിന് തടസം നില്‍ക്കില്ല. എന്നാല്‍ കാലങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കില്‍ ഏത് ദൗത്യസംഘമായാലും ചെറുക്കുക തന്നെ ചെയ്യുമെന്നാണ് എംഎം മണിയുടെ നിലപാട്.
നിയമപരമല്ലാതെ രാഷ്‌ട്രീയ ലക്ഷ്യം വച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും എം എം മണി പ്രതികരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദൗത്യസംഘത്തെ സംഘത്തെ നിയോഗിച്ചത്.