തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രസംഗത്തിൽ സുരേഷ് ഗോപിയുടെ പേര് ഒരിക്കൽ പോലും പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. 41 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സുരേഷ് ഗോപിയെ പരാമർശിച്ചില്ല.
റോഡ് ഷോയിലും വേദിയിലും സുരേഷ്ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളൊന്നും നടത്തിയില്ലെന്നതാണ് ശ്രദ്ധേയം. തൃശൂർ ലോക്സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ഗോപിയുടെ നീക്കങ്ങൾ സജീവമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സുരേഷ് ഗോപി തൃശൂരിൽ സജീവമായിരുന്നു.
‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി പ്രധാനമന്ത്രി തൃശ്ശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിയ്ക്കായി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി സാമുദായിക നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എൻഎൻഎസ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്.
അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളമെന്ന് മോഡി പറഞ്ഞു. എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജ്ജം ചെറുതല്ല. കാർത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്‍റെ സംഭാവനയാണ്. മോഡിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചർച്ച. അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത് സ്വാതന്ത്ര്യാനന്തരം വന്ന കോൺഗ്രസ്, ഇടതു സർക്കാർ സ്ത്രീ ശക്തിയെ പരിഗണിച്ചില്ല. സ്ത്രീ സംവരണ ബില്‍ ബിജെപി നിയമമാക്കി. മുത്തലാക്കിൽ ബുദ്ധിമുട്ടിയ സ്ത്രീകളെ മോഡി സർക്കാർ മോചിപ്പിച്ചു.
എന്‍ഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്, കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും പറഞ്ഞു.
സുരേഷ് ഗോപി ഉറപ്പിച്ചു
നരേന്ദ്രമോഡിയുടെ വരവ് ഒരു തരത്തില്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കല്‍ കൂടിയായി മാറുമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ തൃശ്ശൂരില്‍ സുരേഷ് ഗോപി സജീവമാണ്. യു ഡി എഫില്‍ നിന്നും ഇത്തവണ ടി എന്‍ പ്രതാപന്‍ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോള്‍ മുന്‍ മന്ത്രിയും ജനകീയ മുഖവുമായ വി എസ് സുനില്‍ കുമാറായിരിക്കും എല്‍ ഡി എഫ് സ്ഥാനാർത്ഥി.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു തൃശൂരില്‍ മത്സരിച്ചത്. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിച്ച് ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമത് എത്തി. ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ച് നല്‍കി.
തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചില സർവ്വേകളില്‍ തൃശ്ശൂരില്‍ ബി ജെ പി വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. ശക്തമായ മത്സരം മണ്ഡലത്തില്‍ നടന്നെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സി പി ഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, 43317 വോട്ടുകളുമായി പത്മജ വേണുഗോപാല്‍ രണ്ടാമതും എത്തി.
കേരളത്തിൽ ഒരുപക്ഷേ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച, അത് തുറന്നു പറഞ്ഞ, തനിക്ക് മത്സരിക്കണം എന്നാവർത്തിച്ചാവശ്യപ്പെട്ട രാഷ്ട്രീയക്കാരനാണ് സുരേഷ് ഗോപി. കഴിഞ്ഞതവണ തൃശൂരിൽ സുരേഷ് ഗോപി ഉണ്ടാക്കിയ ഓളം കാരണവും, എവിടെ ചെന്നാലും നാലാള് കൂടുമെന്നുറപ്പുള്ള സിനിമാ നടൻ കൂടിയായതുകൊണ്ടും, താൻ വേണമെന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ സീറ്റ് തരാതിരിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് സുരേഷ് ഗോപിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ തന്റെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാനാർഥികൂടിയാണ് സുരേഷ്‌ഗോപി.