അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് നാട്ടിൽ നിന്ന് മത്സരിച്ചേക്കും. ഇക്കാര്യം നരേന്ദ്ര മോദി പരിഗണിക്കുന്നതായുള്ള ചർച്ചകൾ സജീവമായി. നിലവിലെ സീറ്റായ ഉത്തർപ്രദേശിലെ വാരാണസിക്കു പുറമെ തമിഴ്നാട്ടിൽ ഒരു മണ്ഡലത്തിൽ കൂടി പ്രധാനമന്ത്രി മത്സരിച്ചേക്കുമെന്നാണ് വാർത്ത.
കന്യാകുമാരിയോ കോയമ്പത്തൂരോ
മോദി കന്യാകുമാരിയിൽ നിന്നോ കോയമ്പത്തൂരിൽ നിന്നോ മത്സരിച്ചേക്കാനാണ് സാധ്യത. കാശി– കന്യാകുമാരി സംഗമം എന്ന ആശയം ഇതിനായി പാകാൻ തുടങ്ങിയിട്ടുണ്ട്. മോദി കന്യാകുമാരിയിൽ നിന്ന് മത്സരിച്ചാൽ കാശിയും കന്യാകുമാരിയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തമാകുമെന്നാണ് പ്രചാരണം. ഇതോടൊപ്പം രാമേശ്വരത്തിൻ്റെ ആത്മീയ പ്രാധാന്യത്തിൽ ഊന്നിയുള്ള വിജയ സാധ്യതയും ചർച്ചയിലുണ്ട്. എന്നാൽ
റിപ്പോർട്ടുകൾ അനുസരിച്ച് പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മത്സരിക്കാനുള്ള സാധ്യതയാണ് കൂടുതൽ. കാരണം, തമിഴ്നാട്ടിൽ ബിജെപിയ്ക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കന്യാകുമാരി. 2014 വിജയം നേടിയ സീറ്റ് 2019 ൽ നഷ്ടമാവുകയായിരുന്നു.
2021ൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പൊൻ രാധാകൃഷ്ണനാണ് കന്യാകുമാരി മണ്ഡലത്തിൽ മത്സരിച്ചത്. കോൺഗ്രസിന്റെ വിജയകുമാറായിരുന്നു എതിർ സ്ഥാനാർത്ഥി. വിജയകുമാർ 5,76,037 വോട്ടുകൾ നേടിയപ്പോൾ ബി ജെ പി പക്ഷത്ത് 4,38,087 വോട്ടുകൾ സ്വന്തമാക്കാൻ പൊൻരാധാകൃഷ്ണന് സാധിച്ചിരുന്നു.
കോയമ്പത്തൂർ മേഖലയിൽ ബി ജെ പിക്ക് ഒരു എംഎൽഎയുണ്ട്. കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള വനതി ശ്രീനിവാസനാണ് ബിജെപിയുടെ എംഎൽഎ.
2019 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ 3,92,007 വോട്ടുകൾ നേടിയിരുന്നു. അന്ന് സിപിഎമ്മിൻ്റെ പി.ആർ.നടരാജൻ 5,71,150 വോട്ടുകൾ നേടി വിജയിച്ചു. ദക്ഷിണേന്ത്യയിൽ സ്വാധീനം ഉറപ്പിക്കുക ബി ജെ പിക്ക് ആവശ്യമാണ്. ഉത്തരേന്ത്യൻ കേന്ദ്രീകൃതമായ രാഷ്ട്രീയം അധിക കാലം നീട്ടി കൊണ്ടു പോകാൻ കഴിയില്ല. ദ്രാവിഡ പാരമ്പര്യത്തിൻ്റെ തുടർച്ചയെ പിടികൂടാനും കീഴടക്കാനും എളുപ്പമല്ല. ഇത് ഉത്തരേന്ത്യയിൽ കൈകാര്യം ചെയ്യുന്ന ആശയങ്ങളുമായി ചേരുന്നതുമല്ല. ഇതിനെ സംതുലിതമാക്കുക എന്നത് അനിവാര്യമായി തീർന്നിരിക്കയുമാണ്.
നരേന്ദ്ര മോദി 2014 ൽ വഡോദരയിലും വരാണസിയിലും മത്സരിച്ചിരുന്നു. 2019 ൽ വരാണസിയിൽ മാത്രമായി വിജയം ഉറപ്പാക്കി.
തമിഴ് മനസിനെ പിടിക്കാൻ പ്രചാര വിദ്യ
എന്നാൽ ഇവയെല്ലാം തമിഴ് മനസിനെ പിടിക്കാനുള്ള വിദ്യകൾ മാത്രമാണെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 2010 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തമിഴ് ഗുജറാത്ത് സാംസ്കാരിക കൈമാറ്റ പദ്ധതി മോദി അവതരിപ്പിച്ചിരുന്നു. ആർ എസ് എസ് രാഷ്ട്രീയത്തിന് ദ്രവീഡിയൻ പൈതൃക മനസിനെ പരുവപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി അന്നു മുതൽ പ്രത്യക്ഷ ശ്രമങ്ങൾ തുടങ്ങിയതാണ്. ചൈനീസ് പ്രതിനിധിയെ മഹാബലി പുരത്തേക്ക് എത്തിച്ചതും ഇതിനു തുടർച്ചയാണ്. ദക്ഷിണേന്ത്യയെ മെരുക്കാനുള്ള വിദ്യകൾ മാത്രമാണ് ഇതെന്നാണ് അവരുടെ വിലയിരുത്തൽ.


