സുരക്ഷാ വിഴ്ചയിലെ പ്രതികരണം ആവശ്യപ്പെട്ട 49 പ്രതിപക്ഷ എം.പിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സുധാകരനും, ശശി തരൂരും, അബ്ദുസ്സമദ് സമദാനിക്കും സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിൽ ഈ സമ്മേളന കാലയളവില്‍ മാത്രം 141 പ്രതിപക്ഷ എം.പിമാരാണ് സസ്‌പെന്‍ഷനിലായത്.
ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് സഭയിൽ പ്രക്ഷോഭം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു. പക്ഷെ ഇംഗ്ലീഷ് മാധ്യമങ്ങൾക്കും വിദേശ പത്രങ്ങൾക്കും അഭിമുഖം നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രി സഭയിൽ ഇതു സംബന്ധിച്ച് മിണ്ടാൻ തയാറായില്ല. ഇതോടെയാണ് പ്രതിപക്ഷം പ്രകോപിതരായത്.
സമീപകാല ചരിത്രത്തില്‍ ഇത്രയധികം അംഗങ്ങളെ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ദിരാഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15-ന് പാര്‍ലമെന്റില്‍ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.


