ഉത്തർ പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ 13 കാരിയെ അതി ക്രൂരമായ ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മദ്രസയിൽ പോയി മടങ്ങവേ കാണാതായ കുട്ടിയുടെ വികൃതമാക്കപ്പെട്ട ദേഹം ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തിലാണ് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ ശരീരമാസകലം മാരകമായി മുറിവേറ്റതായി കണ്ടെത്തി. കണ്ണുകള്‍ തകര്‍ത്തനിലയിലാണ്. ഗുഹ്യ ഭാഗങ്ങളിലും മാരക മുറിവുകളുണ്ട്. കുട്ടി ബലാത്സംഗത്തിനിരയായോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ഞായറാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തില്‍ കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ കണ്ണുകള്‍ കരിമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചനിലയിലാണ്. വായില്‍ ചെളിനിറച്ചതായും കൊല്ലപ്പെടുന്നതിന് മുന്‍പ് ക്രൂരമായ ഉപദ്രവത്തിനിരയായിട്ടുണ്ടെന്നും പ്രാഥമിക പരിശോധനാ റിപ്പോർട്ട് പറയുന്നു.
സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും എ.എസ്.പി. നൈപാല്‍ സിങ് അറിയിച്ചു.
കുട്ടിയെ കാണാതായ വിവരം അറിയിച്ചു, പൊലീസ് എത്തിയത് മൃതദേഹം നാട്ടുകാർ കണ്ടെത്തിയപ്പോൾ
കുട്ടിയെ കാണാതായപ്പോൾ തന്നെ വിവരം പൊലീസിൽ അറിയിച്ചിരുന്നു. രാത്രി തന്നെ വിവരം അറിയിച്ചു എങ്കിലും പൊലീസ് അന്വേഷണത്തിന് മുതിർന്നില്ല. പിന്നീട് മൃതദേഹം കണ്ടെത്തിയപ്പോഴാണ് അന്വേഷണത്തിന് എത്തിയത് എന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.
ലഖിംപൂരിൽ കഴിഞ്ഞ വർഷവും ഇതേ സമയത്ത് രണ്ട് ദലിത് പെൺകുട്ടികൾ ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. കേസിൽ മൂന്നു പേർ അറസ്റ്റിലായി. 15 ഉം 17 ഉം വയസായ പെൺകുട്ടികളാണ് അന്ന് കൊലയ്ക്ക് ഇരയായത്. വയലിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.


