പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു. കാൻസറിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. സുഖം പ്രാപിക്കവെ വീണ്ടും നില വഷളാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
ഹിന്ദുസ്ഥാനി സംഗീത രംഗത്തെ അതുല്യ യുവ പ്രതിഭ
ഗായകനും രാംപുർ-സഹസ്വാൻ ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ് റാഷിദ് ഖാൻ.ഉത്തർപ്രദേശ് സ്വദേശിയാണ് റാഷിദ് ഖാൻ. കൊൽക്കത്തയിലാണ് താമസം.
11-ാം വയസിലാണ് റാഷിദ് ഖാൻ ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. 14-ാം വയസിൽ കൊൽക്കത്തയിൽ ഐ.ടി.സി. സംഗീത് റിസർച്ച് അക്കാദമിയിൽ ചേർന്നു. 2006-ൽ പത്മശ്രീയും 2022-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2006-ൽ സംഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
റാഷിദ് ഖാൻ്റെ വിയോഗം രാജ്യത്തിനും സംഗീത ലോകത്തിനും തീരാനഷ്ടമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബുധനാഴ്ച സംസ്ഥാന ബഹുമതികളോടെയായിരിക്കും റാഷിദ് ഖാൻ്റെ അന്ത്യകർമ്മങ്ങൾ നടത്തുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.