അറബിക്കടലില്‍ വെച്ച് അക്രമിക്കപ്പെട്ട ചരക്കുകപ്പല്‍ കോസ്റ്റ് ഗാർഡ് അകമ്പടിയോടെ മുംബൈ തീരത്ത് എത്തിച്ചു. ഇന്ത്യന്‍ തീരത്ത് 400 കിലോമീറ്റര്‍ അകലെ വെച്ച് ഡ്രോണ്‍ ആക്രമണം നേരിട്ട എം.വി. ചെം പ്ലൂട്ടോ എന്ന കപ്പൽ മുംബൈയില്‍ നങ്കുരമിട്ടിരിക്കയാണ്.
കപ്പലില്‍ നാവികസേനയുടെ എക്‌സ്‌പ്ലോസീവ് ഓര്‍ഡന്‍സ് ഡിസ്‌പോസല്‍ സംഘം വിശദമായ പരിശോധന നടത്തി. കപ്പലിന് നേരെ നടന്നത് ഡ്രോണ്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഫോറന്‍സിക്, സാങ്കേതിക പരിശോധനകള്‍ വേണ്ടിവരുമെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ വിക്രത്തിന്റെ അകമ്പടിയോടെയാണ് ആക്രമണം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ചെം പ്ലൂട്ടോ മുംബൈയിലെത്തിയത്.
സൌദി അറേബ്യൻ തുറമുഖത്ത് നിന്നും മംഗലാപുരത്തേക്ക് പുറപ്പെട്ട കപ്പലാണ്. ക്രൂഡോയിലുമായി വന്ന കപ്പലാണ് എന്നത് ആശങ്ക വർധിപ്പിച്ചു. വെരാവലിന് തെക്ക് പടിഞ്ഞാറ് 200 കിലോ മീറ്റർ അകലത്തിലാണ് ആക്രമണം ഉണ്ടായത്. തീ കെടുത്താൻ കഴിഞ്ഞത് ദുരന്തം ഒഴിവാക്കി.
![](/wp-content/uploads/2023/12/3-11.jpg)
യുദ്ധ കപ്പലുകൾ വിന്യസിച്ചു, അറബിക്കടലിൽ ജാഗ്രത
ആക്രമണം നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ നാവികസേന അറബിക്കടലില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. നേവിയുടെ പി-8ഐ ലോങ്-റേഞ്ച് പട്രോളിങ് എയര്‍ക്രാഫ്റ്റും അറബിക്കടലിന് മുകളില്‍ നിരീക്ഷണം ശക്തമാക്കി. ഐ.എന്‍.എസ്. മുര്‍ഗാവ്, ഐ.എന്‍.എസ്. കൊച്ചി, ഐ.എന്‍.എസ്. കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് അറബിക്കടലില്‍ ഇറങ്ങിയിട്ടുള്ളത്.
ചെങ്കടലിലെത്തുന്ന കപ്പലുകള്‍ക്കുനേരെ യെമനിലെ ഹൂതികള്‍ ആക്രമണം നടത്തുന്നത് വാർത്തയായിരുന്നു. ഇസ്രയേല്‍ ബന്ധമുള്ളതോ ഇസ്രയേലിലേക്ക് പോകുന്നതോ ഇസ്രയേലില്‍ നിന്ന് വരുന്നതോ ആയ കപ്പലുകളാണ് ഹൂതികള്‍ ആക്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സമുദ്രാതിർത്തികളിലേക്കും ആക്രമണം എത്തിയതായി ആശങ്കപ്പെടുന്നത്. ഡ്രോൺ ഉപയോഗിച്ച് മിസൈൽ മാതൃകയിലുള്ള ആക്രമണമാണ് നടക്കുന്നത്.