ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ആരേയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യണമെന്ന് എൽഡിഎഫോ സിപിഎമ്മോ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം കടുപ്പിക്കുകയാണ് മലപ്പുറം സ്വദേശി ഹരിദാസൻ. നിയമനതട്ടിപ്പിൽ നേരത്തെ വിവരം നൽകിയിട്ടും അന്വേഷിച്ചില്ലെന്നാണ് ഹരിദാസന്റെ പരാതി. ഓഗസ്റ്റ് 17ന് മന്ത്രിയുടെ പിഎസിനെ നേരിൽ കണ്ട് വിവരം അറിയിച്ചു. എന്നിട്ടും വീണ ജോർജിന്റെ ഓഫീസിൽ നിന്ന് ആരും വിളിച്ച് അന്വേഷിച്ചില്ല. ഓഫീസ് കേന്ദ്രീകരിച്ചുള്ള സംഘത്തിനെതിരെയും ആരോപണം ഉന്നയിച്ചു.
ചാപ്പകുത്തൽ നാടകം ഉത്തരേന്ത്യൻ സ്റ്റൈൽ കലാപ ശ്രമം
പട്ടാളക്കാരൻ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ, എല്ലാം കലാപം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് ഉത്തരേന്ത്യൻ സ്റ്റൈലാണ്. ഉത്തരേന്ത്യയിൽ ഇങ്ങനെയാണ്. ഒരു മനുഷ്യനെ കൈയെല്ലാം കൂട്ടിക്കെട്ടി കുപ്പായം താഴ്ത്തി പിൻഭാഗത്ത് പെയിന്റിൽ ചാപ്പകുത്തി, മൃഗീയമായി മർദിച്ച് അവശനാക്കി എന്ന് പ്രചരിപ്പിക്കും. ജനപിന്തുണ നേടാനാകുന്ന വാർത്തയാണ് ഇത്. അവർതന്നെ സ്വയംചെയ്ത്, ബി.ജെ.പി. തന്നെ പ്ലാൻ ചെയ്ത് അത്തരത്തിൽ വാർത്ത സംഘടിപ്പിച്ചു. ഇപ്പോൾ, അവരെ കസ്റ്റഡിയിൽ എടുത്തപ്പോൾ മിണ്ടാട്ടമില്ല’, അദ്ദേഹം പറഞ്ഞു.


