മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയ്ക്ക് 98 വയസ്സായിരുന്നു.
കരിക്കട്ടയിൽ തുടങ്ങി
1925 ൽ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛൻ പരമേശ്വരൻ നമ്പൂതിരി, അമ്മ ശ്രീദേവി അന്തർജ്ജനം. ചെറുപ്പത്തിൽ സംസ്കൃതവും അൽപം വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതൽ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലുംഅമ്പലമുറ്റത്തെമണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം. ആ താൽപര്യം കണ്ടറിഞ്ഞ്, പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്സ് കോളജിലെത്തിച്ചത്. അവിടെ കെ.സി.എസ്. പണിക്കർ, റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗദ്ഭരുടെ ശിഷ്യനായി. പിൽക്കാലത്ത് കെസിഎസ് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അതിനൊപ്പം പ്രവർത്തിച്ചു.
നാട്ടിലെത്തി 1960 ൽ മാതൃഭൂമിയിൽ ചേർന്നു. എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകൾക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. തങ്ങളുടെ കഥകൾക്കും നോവലുകൾക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എംടി അടക്കമുള്ള എഴുത്തുകാർ ആഗ്രഹിച്ചിരുന്നു. മലയാള സാഹിത്യത്തിലെ പ്രകാശസ്തംഭങ്ങളായ പല രചനകളും വായനക്കാരിലെത്തിയത് നമ്പൂതിരിയുടെ വരയ്ക്കൊപ്പമാണ്. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്.
അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കളിമണ്ണിലും ലോഹത്തിലും സിമന്റിലും ധാരാളം ശിൽപങ്ങളും ചെയ്തിട്ടുണ്ട് നമ്പൂതിരി. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ആ വിരലുകളിൽ എഴുത്തും സുന്ദരമായി വഴങ്ങും എന്നു തെളിയിച്ചിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ.