ലോഗോയിൽ നിന്നും അശോക സ്തംഭം മാറ്റി ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ എന്നും ചേർത്തു.
ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതുമെല്ലാം ഇടം പിടിച്ചത്. ലോഗോയുടെ നടുവിലായി കളർ ചിത്രത്തിലാണ് ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തിയത്. നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ എന്നതിനു പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഓഫ് ഭാരത് എന്നും മാറ്റി.
മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങില്‍ ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി ‘മഹര്‍ഷി ചരക് ശപഥ്’ നടപ്പിലാക്കാനുള്ള കമ്മീഷന്റെ ശുപാര്‍ശയും വിവാദമായിരുന്നു.
ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേർത്തത്. കേന്ദ്രമന്ത്രിമാർ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്. റെയിൽവേ മന്ത്രാലയം കേന്ദ്രസർക്കാരിന് സമർപ്പിച്ച ശുപാർശകളിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയിരുന്നു. ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ നിർദേശങ്ങളിൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നുമാണ് വിഷയത്തിൽ കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം.