രാജ്യത്തിൻ്റെ അഭിമാനമായ ജാവലിൻ ത്രോ ഒളിമ്പിക്, ലോക ചാമ്പ്യൻ നീരജ് ചോപ്ര ഡയമണ്ട് ലീഗ് പോരാട്ടങ്ങൾക്ക് ഒരുങ്ങി . ഡയമണ്ട് ലീഗിൽ തന്റെ വിജയക്കുതിപ്പ് തുടരുകയാണ് ലക്ഷ്യം.
ലോക ചാമ്പ്യൻഷിപ്പ് നേടിയതിന് ശേഷം നീരജിന്റെ അടുത്ത ലക്ഷ്യം 90 മീറ്ററാണ്. ഇത് നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ് അദ്ദേഹം. സെപ്തംബർ 16, 17 തീയതികളിൽ യുഎസിലെ യൂജിനിലാണ് ഡയമണ്ട് ലീഗ്.
ഈ സീസണിൽ മൂന്ന് മത്സരങ്ങൾക്ക് ഇറങ്ങിയ നീരജ് ഒരിക്കൽ പോലും തോൽവി നേരിട്ടിട്ടില്ല. ലോക ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ ശേഷം ദോഹ ലൊസാനെ ഡയമണ്ട് ലീഗിൽ മിന്നുന്ന ജയമാണ് അദ്ദേഹം നേടിയത്. ദോഹയിൽ 88.67 മീറ്ററും ലോസാനിൽ 87.66 മീറ്ററും പിന്നിട്ട നീരജിന്റെ അടുത്ത ലക്ഷ്യം 90 മീറ്ററാണ്.
ജാവലിൻ ത്രോയിൽ ഡയമണ്ട് ലീഗിലെ നാലാമത്തെയും അവസാനത്തെയും മത്സരമാണിത്. 2023 ലെ ഡയമണ്ട് ലീഗ് സ്റ്റാൻഡിംഗിൽ 16 പോയിന്റുമായി നീരജ് ചോപ്ര നിലവിൽ മൂന്നാം സ്ഥാനത്താണ്. ബുഡാപെസ്റ്റിൽ 86.67 മീറ്റർ താണ്ടി വെങ്കലം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെഷെ മൂന്ന് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഒന്നാം സ്ഥാനത്തും മൂന്ന് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ജർമ്മനിയുടെ ജൂലിയൻ വെബർ രണ്ടാമതുമാണ്.
വാഡ്ലെഷെ, വെബർ, മുൻ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് എന്നിവർക്കെതിരെയാണ് ഇത്തവണ അദ്ദേഹം മത്സരിക്കുന്നത്.


