അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ് എന്ന സിനിമക്ക് എതിരായ വർഗ്ഗീയ സംഘടനകളുടെ പരാതിയിൽ നയൻതാരയ്ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ജബൽപൂരിലെ രണ്ട് സംഘടനകൾ നൽകിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മുംബെയിലും സമാനമായ സംഘടനകൾ കേസുമായി രംഗത്ത് എത്തിയിരുന്നു. നയൻതാരയ്ക്ക് പുറമേ അന്നപൂരണിയുടെ സംവിധായകൻ നീലേഷ് കൃഷ്ണ, നിർമാതാക്കൾ, നെറ്റ്ഫ്ളിക്സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെർഗിൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ദക്ഷിണേന്ത്യയിൽ ഡിസംബറിൽ തന്നെ റിലീസ് ചെയ്ത ചിത്രമാണ്. കേന്ദ്ര സൻസർ ബോർഡ് അനുമതിയും ലഭിച്ചിരുന്നു. ജനുവരി എട്ടിന് ഹിന്ദു ഐടി സെൽ എന്ന പേരിലുള്ള ഒരു സംഘടനയാണ് ആദ്യം പരാതിയുമായി എത്തിയത്.
സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുന്നു. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഭീഷണികൾ കാരണം തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ചിരുന്നു. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ മതവികാരം വ്രണപ്പെടുത്തി എന്നാണ് ആരോപണത്തിന് അടിസ്ഥാനം.
സമാന സ്വഭാവമുള്ള പരാതിയിൽ നേരത്തെ മുംബൈ പോലീസും കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. നെറ്റ് ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ ഓൺലൈൻ സ്ട്രീമിങ് കമ്പനികളെ വർഗ്ഗീയ പ്രൊപ്പഗണ്ട വഴി നിയന്ത്രിക്കുന്ന സംഘടനകൾ ഇതോടെ മേൽക്കൈ നേടുകയാണ്. ഇതു സംബന്ധിച്ച് വാഷിങ്ടൺ പോസ്റ്റ് നടത്തിയ ഒരു പഠനത്തിൽ വാട്സ്ാപ്പ് വരെ ഇങ്ങനെ നിയന്ത്രിക്കപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു.