ഇലോണ്‍ മസ്‌കിന്റെ ബയോടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് ആയ ന്യൂറാലിങ്ക് മനുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ ബ്ലോഗിലാണ് മനുഷ്യരില്‍ സാങ്കേതിക വിദ്യ പരീക്ഷിക്കുവാന്‍ ഒരുങ്ങുകയാണെന്ന് കമ്പനി വെളിപ്പെടുത്തിയത്.
ആദ്യം കിടപ്പ് രോഗികൾക്ക് ചിന്തകളാൽ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള പരീക്ഷണം
ഒരു സ്വതന്ത്ര റിവ്യൂ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് ശേഷം പക്ഷാഘാത രോഗികളില്‍ ബ്രെയിന്‍ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. മനുഷ്യന്റെ തലയോട്ടിക്കുള്ളില്‍ സ്ഥാപിക്കുന്ന ചിപ്പാവും കമ്പ്യൂട്ടറും മസ്തിഷ്കവും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുക.
മസ്തിഷ്‌കത്തില്‍ ചലനങ്ങള്‍ നിയന്ത്രിക്കുന്ന ഭാഗത്തായാണ് ശസ്ത്രക്രിയയിലൂടെ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കുക. ചിന്തകളിലൂടെ ഒരു കമ്പ്യൂട്ടര്‍ കഴ്‌സറും കീബോര്‍ഡും നിയന്ത്രിക്കുന്നതിന് രോഗികളെ പ്രാപ്തമാക്കുകയാണ് പരീക്ഷണത്തിന്റെ പ്രാഥമിക പ്രവർത്തനം. പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാന്റഡ് ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ ഫെയ്‌സ് എന്നാണ് ഈ പദ്ധതിയ്ക്ക് പേര്.
ആറ് വര്‍ഷം നീണ്ട പഠനമായിരിക്കും ഇത്. നട്ടെല്ലിന് ക്ഷതമേറ്റ് തളര്‍ന്ന ക്വാഡ്രിപ്ലീജിയ (quadriplegia), എഎല്‍എസ് (amyotrophic lateral sclerossi) രോഗാവസ്ഥയിൽ ഉള്ളവരിലാവും പരീക്ഷണം. ഇത് വരെ മൃഗങ്ങളില്‍ മാത്രമാണ് ഈ ചിപ്പുകള്‍ പരീക്ഷിച്ചത്. 2022 ല്‍ ഈ പരീക്ഷണത്തിന് വിധേയമായ കുരങ്ങ് ചത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

കഴിഞ്ഞ മെയില്‍ മനുഷ്യരില്‍ ന്യൂറാലിങ്ക് പരീക്ഷിക്കുന്നതിന് എഫ്ഡിഎയുടെ അനുമതി ലഭിച്ചതായി ന്യൂറാലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. താത്പര്യമുള്ള ആളുകള്‍ക്ക് ന്യൂറാ ലിങ്ക് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം എന്നും കമ്പനി അറിയിക്കുന്നുണ്ട്.