കേരളത്തിന് വന്ദേ ഭാരത് സർവ്വീസിനുള്ള ഒരു റെയ്ക്ക് കൂടി അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് വണ്ടി കേരളത്തിലേക്ക് പുറപ്പെടും. ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കുമെങ്കിലും ഇതിൻ്റെ റൂട്ട് സംബന്ധിച്ച് ഇപ്പോഴും തീരുമാനം പുറത്തു വന്നിട്ടില്ല.
കോയമ്പത്തൂർക്കോ തിരുവനന്തപുരത്തേക്കോ
ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം–തിരുവനന്തപുരം റൂട്ടും മംഗലാപുരം– കോയമ്പത്തൂര്‍ റൂട്ടും പരിഗണനയിലുണ്ട്. ഗോവ ഏറണാകുളവും ചർച്ചയിലുണ്ട്. അന്തിമ തീരുമാനം കാക്കുകയാണ്.
നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. വിഷുസമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് ആദ്യ വന്ദേഭാരത് ഓടിത്തുടങ്ങിയത്. കേരളത്തിന് ആവശ്യത്തിന് അതിവേഗ വണ്ടികൾ ഇല്ലാത്തത് പ്രതിസന്ധി തീർക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും തുറുന്നു പറഞ്ഞിരുന്നു.

വന്ദേഭാരത് സാമ്പത്തികമായി വിജയിച്ചത് കേരളത്തിൽ, ഏറ്റവും കൂടുതൽ യാത്രക്കാർ ഇവിടെ
യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്‌സ്പ്രസാണ്. 23 വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതി കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കി. റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് തൊട്ടുപിന്നില്‍. ഒന്നാം സ്ഥാനത്തുള്ള കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസിന്റെ ശരാശരി ഒക്യുപെന്‍സി നിരക്ക് 183 ശതമാനമാണ്. തൊട്ട് പിന്നിലുള്ള ട്രെനിനു 176 ശതമാനം ആണ് ഒക്യുപെന്‍സി നിരക്ക്.
ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ് രാജ്യത്ത് രണ്ടാമത്. 134 ശതമാനമാണ് ഒക്യുപെന്‍സി നിരക്ക്. മെട്രോ നഗരമായ മുംബൈയില്‍ നിന്ന് ഗുജറാത്ത് വരെയുള്ള റൂട്ടിലെ വന്ദേഭാരത് സർവ്വീസ് ആയിട്ടും കേരളത്തിൻ്റെ അടുത്ത് എത്തിയില്ല.
കെ റെയിലിനെ എതിർത്തവർക്ക് യാത്രക്കാരുടെ എണ്ണം കൊണ്ട് മറുപടി
വേഗക്കൂടുതല്‍ തന്നെയാണ് വന്ദേഭാരത് എക്‌സ്പ്രസിനെ വ്യത്യസ്തമാക്കുന്നത്. 52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കുമെന്നാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത. എയറോഡൈനാമിക്ക് ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിന് കവാച്ച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് കവാച്ച്. ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനിന്റെ ദിശ മാറ്റാന്‍ സമയനഷ്ടമില്ല.
വന്ദേഭാരത് എക്‌സ്പ്രസിന്റെ എല്ലാ സീറ്റുകളും റിക്ലൈനര്‍ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിലാകട്ടെ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമുണ്ട്. ട്രെയിന്‍ ചലിക്കുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്ന് ചുരുക്കം. സീറ്റുകള്‍ക്ക് മുന്നില്‍ 32 ഇഞ്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇന്‍ഫോടെയിന്‍മെന്റിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളില്‍ ബ്രെയ്‌ലി ലിപിയില്‍ സീറ്റ് നമ്പറും നല്‍കിയിട്ടുണ്ട്.
ഓട്ടോമാറ്റിക് ഡോര്‍, ഫയര്‍ സെന്‍സര്‍, വൈഫൈ, മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകള്‍ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങള്‍. വന്ദേഭാരതിലെ വിശാലമായ ജനാലകള്‍ പുറം കാഴ്ച ആവോളം ആസ്വദിക്കാന്‍ വഴിയൊരുക്കുന്നു. ഒപ്പം ബാഗേജിന് വേണ്ടി കോച്ചുകളില്‍ കൂടുതല്‍ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.


