– തപൻ-
തുടര്‍ച്ചയായ മൂന്നാം ഇടതു സര്‍ക്കാരെന്ന സിപിഎം ലക്ഷ്യത്തിന്റെ സൂചനയാകുമോ അതോ ഒന്‍പതു വര്‍ഷത്തിനുശേഷം സ്വന്തം കോട്ട തിരിച്ചുപിടിച്ച് സംസ്ഥാന ഭരണത്തിലേക്കു കോണ്‍ഗ്രസ് കൈപിടിക്കുമോ എന്നതില്‍ ഏതിനായിരിക്കും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉത്തരം നല്‍കുക? സര്‍ക്കാരിന്റെ നേട്ടമോ അതിന്റെ മറുപുറമായ ഭരണവിരുദ്ധവികാരമോ ചര്‍ച്ചായിട്ടുണ്ടെങ്കിലും അതാവില്ല നിലമ്പൂര്‍ വിധിയെഴുത്തിലെ പ്രധാന ഘടകമെന്നു വ്യക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഉയര്‍ന്നുവന്ന ചില വിവാദങ്ങളാണ് മണ്ഡലത്തില്‍ എല്ലാ സമയവും ഉയർന്നുനിന്നത്. കോണ്‍ഗ്രസ് നേതൃത്വം പകല്‍ തള്ളിപ്പറഞ്ഞ പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാത്രിയില്‍ സന്ദര്‍ശിച്ചത്, ജമാഅത്ത് ഇസ്ലാമി പിന്തുണ, ക്ഷേമപെന്‍ഷന്‍, പന്നിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ എന്നിങ്ങനെ യുഡിഎഫ് തൊട്ടതെല്ലാം അവര്‍ക്കു വിനയായി വന്നതാണ് നിലമ്പൂരില്‍ കണ്ടത്. പി വി അന്‍വറിന്റെ പിന്തുണ ഇല്ലാത്ത സാഹചര്യത്തിലും, എം സ്വരാജ് എന്ന സിപിഎമ്മിന്റെ കരുത്തനായ എതിരാളിക്കെതിരെ സ്വന്തം വോട്ട് കണക്കില്‍ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസിന്, ഭരണവിരുദ്ധവികാരം, ദേശീയപാത തകര്‍ച്ച, വന്യജീവി ആക്രമണം എന്നിവ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കാന്‍ ഒരു ഘട്ടത്തിലും കഴിഞ്ഞിട്ടില്ല. മറിച്ച്, സിപിഎം നിശ്ചയിച്ച അജന്‍ഡയ്ക്കു പിന്നില്‍ സഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു അവര്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുന്‍ ഡിസിസി പ്രസിഡന്റും 2021ല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന അന്തരിച്ച വിവി പ്രകാശിന്റെ കുടുംബത്തെ ആര്യാടന്‍ ഷൗക്കത്തും കോണ്‍ഗ്രസും അവഗണിച്ചുവെന്ന ലാസ്റ്റ് മിനുട്ട് വിവാദം.
ഈ ഗതിയില്‍ സിപിഎമ്മിനും രണ്ടു തവണ പിഴച്ചു. അതില്‍ ആദ്യത്തേത് ഹിന്ദുമഹാ സഭ എം സ്വരാജിനു പിന്തുണ പ്രഖ്യാപിച്ചതും നിലമ്പൂരിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെ സന്ദർശിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ ഫോട്ടോയുമായിരുന്നു. എന്നാല്‍ ഹിന്ദുമഹാ സഭയിലെ മറ്റൊരു വിഭാഗം തങ്ങളുടെ പിന്തുണ സിപിഎമ്മിന് ഇല്ലെന്നു പ്രഖ്യാപിച്ചതും വിഷയം യുഡിഎഫിനു വലിയ രീതിയിൽ ഏറ്റെടുക്കാന്‍ കഴിയാതിരുന്നതും എല്‍ഡിഎഫിനു കാര്യമായി പരുക്കേല്‍പ്പിച്ചില്ല. എന്നാല്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിഞ്ഞുകൊണ്ടു തന്നെ സൃഷ്ടിച്ച രണ്ടാമത്തെ വിവാദത്തില്‍ സിപിഎമ്മും സ്ഥാനാര്‍ഥി എം സ്വരാജും വലിയ രീതിയില്‍ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. മുസ്ലിം ജനസംഖ്യ പ്രബലമായ ഒരു മണ്ഡലത്തില്‍, തങ്ങള്‍ ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നിട്ടുണ്ട് (അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനാണെങ്കിലും) എന്ന് വിവാദത്തെ ഭയക്കുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ തുറന്നുപറഞ്ഞത് കോണ്‍ഗ്രസിന് കിട്ടിയ അപ്രതീക്ഷിതമായ പിടിവള്ളിയാണ്. പ്രത്യേകിച്ച്, യുഡിഎഫ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നത് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കിയ സിപിഎം തന്നെ ആര്‍എസ്എസ് ബന്ധം അപ്രതീക്ഷിതമായി തുറന്നുപറഞ്ഞത്. കോണ്‍ഗ്രസ് പ്രതിരോധത്തിലായ വിവാദങ്ങളോ അതോ ഗോവിന്ദന്‍ മാഷിന്റെ വെളിപ്പെടുത്തലോ- ഇവയില്‍ ഏതായിരിക്കും ജനമനസില്‍ കാര്യം സ്വാധീനം ചെലുത്തുക എന്നതാണ് അറിയാനുള്ളത്. ഇവയ്ക്കപ്പുറം വോട്ടര്‍മാരുടെ മനസില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും യുഡിഎഫിന്റെ 2026ലേക്കുള്ള മുന്നൊരുക്കത്തിനു കരുത്തുപകരുന്നതായിരിക്കും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറും അന്തരിച്ച മുന്‍ ഡി സി സി പ്രസിഡന്റ് വി വി പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിട്ടും ആര്യാടന്‍ ഷൗക്കത്ത് ആ വഴിക്കു പോകാത്തത് ചർച്ചയാക്കി യുഡിഎഫിനെ അവസാന നിമിഷത്തിൽ പ്രതിരോധത്തിലാക്കിയ സിപിഎമ്മിനുമേൽ അപ്രതീക്ഷിതമായാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ രൂപത്തിൽ തന്നെ വിവാദം പതിച്ചത്. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനു മുന്‍പ് പാണക്കാട് തങ്ങളെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെയും ഉമ്മന്‍ ചാണ്ടിയുടെയും കെ കരുണാകരന്റെ കല്ലറയും സന്ദര്‍ശിച്ച ഷൗക്കത്ത്, വി വി പ്രകാശിന്റെ കുടുംബത്തെ മനപ്പൂര്‍വം അവഗണിച്ചുവെന്ന തോന്നല്‍ വീണ്ടും സജീവമാക്കിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശിന്റെ പ്രചാരണത്തില്‍ ഷൗക്കത്ത് സഹകരിക്കാത്തതതിനെയും പ്രകാശിന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഇനിയും മാഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍, സിപിഎം സൃഷ്ടിച്ച അജന്‍ഡയ്ക്ക് പ്രചാരണത്തിന്റെ അവസാന സമയത്ത് മറുപടി പറയേണ്ടിവന്ന കോൺഗ്രസിന് ഗോവിന്ദൻ മാഷിനെ വെളിപ്പെടുത്തൽ വലിയ പിടിവള്ളിയായി.
വി വി പ്രകാശ് വിഷയത്തില്‍ ഒരേസമയം, ഇരട്ട സമീപനങ്ങളുള്ള തന്ത്രമാണ് സിപിഎം പയറ്റിയത്. പ്രചാരണത്തിലൂടനീളം പാര്‍ട്ടി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുമ്പോള്‍, സ്ഥാനാര്‍ഥിയെന്ന നിലയില്‍ സ്വരാജ് ഈ വിഷയം ഉന്നയിക്കുയോ ഷൗക്കത്തിനെ ആക്രമിക്കുകയോ ചെയ്തില്ല. ചങ്ക് പൊട്ടി മരിച്ച കോണ്‍ഗ്രസ് നേതാവ് എന്ന് നിലമ്പൂരുകാര്‍ പറയുന്ന വി വി പ്രകാശിന്റെ വീട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വോട്ട് ചോദിക്കാന്‍ പോയിട്ടില്ലെന്നും മരിച്ചിട്ടും പക സൂക്ഷിക്കുന്ന മനസാണ് കോണ്‍ഗ്രസിന്റേതെന്ന എ എ റഹിം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത് ഷൗക്കത്തിനെ ലക്ഷ്യമിട്ടുള്ള സിപിഐഎം നിലപാടിനെയാണ്. സ്വരാജ് പ്രകാശിന്റെ ഭാര്യയെയും മകളെയും സന്ദര്‍ശിച്ച ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് റഹിമിന്റെ പോസ്റ്റ്. അതേസമയം, മരണം വരെ പ്രകാശിനോട് വളരെ അടുപ്പമുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് വേറെ സൗഹൃദം വേറെ എന്നു പറഞ്ഞുകൊണ്ട് വോട്ടര്‍മാര്‍ക്കിടയില്‍ രാഷ്ട്രീയമാന്യതയുടെ ചിത്രം സൃഷ്ടിച്ച സ്വരാജ് ലക്ഷ്യമിടുന്നതും ഷൗക്കത്തിനെ തന്നെ. സന്ദര്‍ശനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സാധാരണ കാര്യം മാത്രമാണെന്നും അതൊരു തര്‍ക്കവിഷയം ആക്കേണ്ടതില്ലെന്നുമാണ് സ്വരാജ് പറഞ്ഞതെങ്കിലും ലക്ഷ്യം വിവാദം തന്നെ.
പി വി അന്‍വറാണ് പ്രകാശിന്റെ വീട്ടില്‍ ആദ്യമെത്തിയത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അന്‍വറിന്റെ നീക്കം. സന്ദര്‍ശനം സജീവ ചര്‍ച്ചയാകുകമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടെങ്കിലും അതിന്റെ മുനയൊടിക്കുന്നതായിരുന്നു പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശിന്റെ വാക്കുകള്‍. പ്രകാശിന്റെ ഭൗതികശരീരത്തില്‍ പുതപ്പിച്ചത് പാര്‍ട്ടി പതാകയാണെന്നും തങ്ങള്‍ കോണ്‍ഗ്രസ് കുടുംബമാണെന്നുമാണ് സ്മിത അന്നു പറഞ്ഞത്. ഇങ്ങനെ പാര്‍ട്ടിയോട് എക്കാലവും കൂറ് കാണിച്ച, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വളരെ സ്വാധീനമുള്ള പ്രകാശിന്റെ കുടുംബത്തെ ഷൗക്കത്തും കോണ്‍ഗ്രസും അവഗണിച്ചുവെന്ന പ്രതീതിയാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഒരുപക്ഷേ ഷൗക്കത്തിനു സ്വമേധയാ പ്രകാശിന്റെ വീട്ടിലേക്കു കടന്നുചെല്ലുക മാനസികമായി എളുപ്പമായിരിക്കില്ല. എന്നാല്‍ പ്രകാശിന്റെ തോല്‍വിയും മരണവും ഇപ്പോഴും നിലമ്പൂരില്‍ സജീവമായി നില്‍ക്കുമ്പോള്‍, ഷൗക്കത്തിനെ പ്രകാശിന്റെ വീട്ടിലെത്തിച്ച് പാര്‍ട്ടി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരത്തിനൊപ്പമാണെന്ന സന്ദേശം നല്‍കാന്‍ കഴിഞ്ഞില്ലെന്നതാണ് ഇവിടെ കോണ്‍ഗ്രസിന് പറ്റിയ പിഴവ്. നിലമ്പൂരില്‍ തമ്പടിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലോ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള നേതാവ് ദീപദാസ് മുന്‍ഷിയോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ പ്രകാശിന്റെ വീട്ടിലേക്കു തിരിഞ്ഞുനോക്കിയില്ല. ഈ അവസാന നിമിഷത്തില്‍ മുതിര്‍ന്ന നേതാക്കളോ ഇനി ഷൗക്കത്തോ അങ്ങോട്ടുപോവുന്നതില്‍ അര്‍ഥമില്ലെന്നു മാത്രമല്ല, അത് വിപരീത ഫലം സൃഷ്ടിക്കുകയും ചെയ്യും.
പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ പോലും വിഷയത്തില്‍ തെറ്റായ സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഉണ്ടാവുന്നത്. ‘ഞങ്ങളുടെ സ്ഥാനാര്‍ഥി എവിടെ പോകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാമെന്ന,’ സ്വരാജിന്റെ സന്ദര്‍ശനത്തെയും ഷൗക്കത്ത് പോവാത്തതിനെയും സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി ഇതിന് ഉദാഹരമാണ്.
2021ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശ് വോട്ടെണ്ണലിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഹൃദയാഘാതം മൂലം മരിച്ചത്. 2021ല്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട ഷൗക്കത്ത്, വി വി പ്രകാശിന്റെ പ്രചാരണത്തില്‍ കാര്യമായി സഹകരിച്ചില്ലെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ അന്ന് ശക്തമായിരുന്നു. വോട്ടെടുപ്പിനുശേഷം, തന്നെ മാറ്റി പ്രകാശിനെ വീണ്ടും ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിയോഗിച്ചതിനു പിന്നാലെ ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ചില ഒളിയമ്പുകള്‍ എയ്തിരുന്നു. ഇത് പ്രകാശിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും അതില്‍ കടുത്ത മാനസിക പ്രയാസം അദ്ദേഹം അനുഭവിച്ചിരുന്നുവെന്നും അതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണു അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളും പാര്‍ട്ടിയിലെ ഒരു വിഭാഗവും പറയുന്നത്.