കേരളത്തിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപബാധ നിയന്ത്രണ വിധേയമായതായി കേന്ദ്ര ആരോഗ്യമന്ത്രി ഭാരതി പ്രവീണ്‍ പവാറും പറഞ്ഞു.
ടെസ്റ്റുകൾ നെഗറ്റീവ്, 66 പേരെ സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കി
ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനിലയിലും പുരോഗതി
ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.
പബ്ലിക് ഹെല്‍ത്ത് ലാബുകളിലുള്‍പ്പെടെ ട്രൂനാറ്റ് പരിശോധനാ സംവിധാനമൊരുക്കും. ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് മന്ത്രി പറഞ്ഞു.