അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണം. നിയമം അനുസരിച്ച് നടപടി എടുക്കണം.
സെബിയുടെ അധികാര പരിധിയില്‍ ഇടപെടുന്നതില്‍ പരിധിയുണ്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അദാനി ഗ്രൂപ്പിനെതിരെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിൻ്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. റിപ്പോര്‍ട്ടിലെ അതീവ ഗുരുതരമായ വിവരങ്ങളിൽ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
അന്വേഷണം മാറ്റി നൽകുക എന്നത് അസാധാരണ സാഹചര്യത്തിലാണ് കോടതി തീരുമാനിക്കുക.ഈ സാഹചര്യത്തിൽ ആ നടപടി എടുക്കുന്നില്ല. ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശുപാർശകൾ നടപ്പാക്കണം. അന്വേഷണാത്മക പത്ര പ്രവർത്തനം വഴി വരുന്ന ഇത്തരം റിപ്പോർട്ടുകൾ സെബി പരിഗണിക്കണം. ഇത് തെളിവായി കണക്കാക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ട് ഓഹരി വിപണിയെ സ്വാധീനിച്ചോ എന്ന ആരോപണവും പരിശോധിക്കണം.
ഓഹരി വിപണിയില്‍ അദാനിയുടെ എല്ലാ കമ്പനികളും ഇപ്പോള്‍ നേട്ടത്തിലായിരിക്കുകയാണ്. പ്രത്യേക അന്വേഷണം വേണ്ടെന്ന കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും ആശ്വാസമാണ്. വിധി ദിവസം രാവിലെ മുതൽ തന്നെ അദാനി ഓഹരികളുടെ വില നേട്ടത്തിലേക്ക് ഉയർന്നിരുന്നു.