ഒയൂരിൽ ആറുവയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിൽ പ്രതികളെ തെളിവെടുപ്പിനായി അവരുടെ ചാത്തന്നൂരിലെ എത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടു വന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ വീട്ടുമുറ്റത്തുതന്നെ ഉണ്ട്. സംഭവത്തിന് ശേഷം കാർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാറിനുള്ളിൽനിന്ന് നിർണായക തെളിവുകൾ ലഭിക്കുമോ എന്നാണ് പരിശോധന നടത്തുന്നത്. കുട്ടിക്ക് ഏതെങ്കിലും തരത്തിൽ ലഹരി മരുന്നുകൾ നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനയും നടക്കുന്നുണ്ട്.

പാരിപ്പള്ളിയിലേക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയ ഒയൂരിലെ സ്ഥലത്തേക്കും പ്രതികളെ പോലീസ് കൊണ്ടുപോയി. ഇവരെ പിടികൂടിയ തെന്മലയ്ക്കും തെങ്കാശിക്കും ഇടയിലുള്ള ഹോട്ടലിൽ എത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.