മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കിവരുന്ന ഓടക്കുഴല്‍ പുരസ്‌കാരം പിന്‍.എന്‍ ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം.
30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി ജിയുടെ ചരമവാര്‍ഷികമായ ഫെബ്രുവരി രണ്ടിന് പുരസ്‌കാരം വിതരണം ചെയ്യു. എറണാകുളത്തെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി സമര്‍പ്പിക്കും.
‘ജീവിക്കുന്ന ദേശത്തില്‍ അനുഭവങ്ങളുടെ തീക്ഷ്ണതയെ ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ഒപ്പിയെടുക്കുന്ന മാന്ത്രികമായ ആലേഖനങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകള്‍. അവ വാഗ് ലീലകളോ സമയത്തിന്റെ കേവലാങ്കനങ്ങളോ അല്ല. നമ്മുടെ കാലത്തിന്റെ സത്തയെ മൂടുന്ന പ്രച്ഛന്നവേഷങ്ങളുടെ അടരുകള്‍ ചീന്തിയെറിയുന്ന, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടേയും ദര്‍ശനങ്ങളുടേയും ആഴമേറിയ ദര്‍പ്പണങ്ങളാണ്’, കൃതിയെക്കുറിച്ച് അവാര്‍ഡ് നിര്‍ണ്ണയസമിതി വിലയിരുത്തി.
കൊടുങ്ങല്ലൂരിൽ പി.കെ. നാരയണന്റെയും വി.എസ്. സരസ്വതിയുടെയും മകനായി 1968-ൽ ജനിച്ചു. ജി.എൽ.പി. സ്കൂൾ പാപ്പിനിവട്ടം, ഹൈസ്കൂൾ പനങ്ങാട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജ് തൃശൂർ, എസ്.എൻ. കോളേജ് നാട്ടിക എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി ചെയ്യുന്നു.
കവിതാ സമാഹാരങ്ങൾ
- മടിയരുടെ മാനിഫെസ്റ്റോ
- ദൈവത്തെ മാറ്റിയെഴുതുമ്പോൾ
- ഇടിക്കാലൂരി പനമ്പട്ടടി
- അതിരപിള്ളിക്കാട്ടിൽ
- ഇടിക്കാലൂരി പനമ്പട്ടടി എന്ന കവിതയ്ക്ക് 2014-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പിൻ ഗോപീകൃഷ്ണൻ രചിച്ച പഠന ഗ്രന്ഥം “ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ” അടുത്ത കാലത്ത് വലിയ ചർച്ചയായിരുന്നു.
ഓടക്കുഴൽ പുരസ്കാരം
ഇന്ത്യയിലെ പ്രഥമ ജ്ഞാനപീഠ സാഹിത്യപുരസ്‌കാരജേതാവായ മഹാകവി ജി. ശങ്കരക്കുറുപ്പ് സമ്മാനത്തുകയുടെ നാലിലൊന്ന് നിക്ഷേപിച്ച് സ്ഥാപിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. ഓരോ വര്‍ഷവും മലയാളത്തിലെ മികച്ച സാഹിത്യ കൃതിയ്ക്ക് 1968 മുതല്‍ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്‌കാരമാണ് ഓടക്കുഴല്‍ അവാര്‍ഡ്.