ഗാസയിലെ ആശുപത്രി ആക്രമണത്തിന് പിന്നിൽ ഹമാസാണെന്ന നെതന്യാഹുവിൻ്റെ മലക്കം മറിച്ചിലിനെതിരെ രൂക്ഷവിമർശനവുമായി യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ.
ആശുപത്രി പരിസരത്ത് ഹമാസിന്റെ താവളം ഉണ്ടെന്ന ധാരണയിലാണ് ഇസ്രയേൽ സെെന്യം ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ആദ്യം കുറ്റം സമ്മതിച്ചു പിന്നെ കഥ മാറ്റി
‘നെതന്യാഹു ഒരു നുണയനാണ്. സമീപത്ത് ഹമാസിന്റെ കേന്ദ്രമുണ്ടെന്ന് കരുതിയാണ് ഇസ്രയേൽ ആക്രമിച്ചതെന്ന് നെതന്യാഹുവിന്‍റെ തന്നെ വക്താവ് എക്സിൽ കുറിച്ചിരുന്നതാണ്. എന്നാൽ, പിന്നീട് അവർ ആ ട്വീറ്റ് പിൻവലിച്ചു. ട്വീറ്റിന്റെ കോപ്പി ഞങ്ങളുടെ കെെയ്യിലുണ്ട്. ഇപ്പോൾ ഇസ്രയേൽ കഥ മാറ്റി പലസ്തീനികളെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്’, മൻസൂർ പറഞ്ഞു.
ആശുപത്രികൾ ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ സെെന്യം ആവശ്യപ്പെട്ടിരുന്നു. ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾക്കെതിരെ ആക്രമണമുണ്ടാകുമെന്നതിന്റെ സൂചനയായിരുന്നു അത്. ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദികള്‍ ഇസ്രയേലാണെന്നും അത് മറയ്ക്കുന്നതിനായി അവർക്ക് കഥകൾ കെട്ടിച്ചമയ്ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ അഭയാർഥിക്യാമ്പായി പ്രവർത്തിക്കുന്ന ആശുപത്രിക്കുനേരെ ചൊവ്വാഴ്ചയാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്ഥിരീകരിച്ചാൽ 2008-നുശേഷം ഇസ്രയേൽ നടത്തുന്ന മാരകമായ ആക്രമണമാകുമിത്. ഇപ്പോഴും സ്ത്രീകളെയും കുട്ടികളെയും അകത്തു നിന്നും രക്ഷപെടുത്താൻ കഴിയാത്ത നില തുടരുകയാണ്.
നെതന്യാഹു പറഞ്ഞത്
‘ലോകം മുഴുവന്‍ അറിയണം, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അല്ല ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. ക്രൂരന്മാരായ ഭീകരവാദികളാണ്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊന്നവര്‍ സ്വന്തം മക്കളെയും കൊല്ലുന്നു’, നെതന്യാഹു എക്‌സില്‍ കുറിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് ഇസ്രയേലിലേക്ക്
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അല്പസമയത്തിനകം ഇസ്രയേലിൽ എത്തും. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി.
പലസ്തീനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി പ്രതികരിച്ച് അറബ് രാജ്യങ്ങൾ. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കൊടുവിലും വെടിനിർത്തലിന് തയാറാവാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച സൗദി, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നാവശ്യപ്പെട്ടു. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തർ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇത് പ്രകോപനം കൂട്ടുന്നതാണെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അറബ് മേഖലയൊന്നാകെ അപലപിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കപ്പെടുന്നതിലും ഇത് തടയാൻ ഇടപെടലുണ്ടാവാത്തതിലും രോഷം ശക്തമാണ്.


