കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചതായി മുഖ്യമന്ത്രിയും കണക്കുകൾ നിരത്തി.
ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകുന്ന നികുതി വിഹിതം കുറഞ്ഞു വരുന്നു. കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നു. 57400 കോടി രൂപ കുറച്ച സര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നത്.
സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചിട്ട് ഇവിടെ വന്ന് അതെല്ലാം മറച്ചുവച്ചു ന്യായീകരിക്കുന്ന നടപടിയാണു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും നിർമല സീതാരാമന്റെ അവകാശങ്ങൾ ഒരുതരത്തിലും ശരിയായിട്ടുള്ളതല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ജി എസ് ടി വന്നതോടെ
ജി എസ് ടി വന്നതോടെ നികുതി അധികാരം ചുരുങ്ങി. വലിയ തോതിൽ നികുതി വിഹിതം കുറഞ്ഞു. 2018 മുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉള്ള വിവിധ തുകകൾ ആണ് മുടങ്ങിയത്. യുജിസി ഗ്രാൻഡ് ഇനത്തിൽ സംസ്ഥാനം കൊടുത്ത് തീർത്ത തുകയാണ് കേന്ദ്രം വൈകി തന്നത്. വിമര്‍ശനം രൂക്ഷമായതോടെയാണ് പണം തന്നത്. സമയാസമയങ്ങളിൽ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനം ആണ് കേന്ദ്രം എടുക്കുന്നത്. ഇക്കാര്യങ്ങളിൽ കേന്ദ്ര ധനമന്ത്രി ഒരു വിശദീകരണവും നൽകുന്നില്ല. പറയുന്ന കാര്യങ്ങളിൽ ആകട്ടെ ഒരു വ്യക്തതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


