Sunday, August 17, 2025

തീ കൊണ്ടാണ് കളി, ഇങ്ങനെ ജനാധിപത്യത്തിൽ തുടരാനാവുമോ, ഗവർണർ രാഷ്ട്രീയത്തിൽ വിമർശനവുമായി സുപ്രീം കോടതി

 നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ നല്‍കിയ കേസിൽ ഗവർണർമാരുടെ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിം കോടതി. ഇങ്ങനെ നിങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിൽ തുടരാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു.

പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ സംസ്ഥാനങ്ങൾ നൽകിയ പരാതിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. തിരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകരുതെന്ന് ഇരു ഗവര്‍ണര്‍മാരോടും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിര്‍ദ്ദേശിച്ചു.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രം

‘നിങ്ങള്‍ തീ കൊണ്ടാണ് കളിക്കുന്നത്. ഗവര്‍ണര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുന്നു? പഞ്ചാബില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ ഒട്ടും സംതൃപ്തരല്ല. ഇങ്ങനെ നമ്മള്‍ക്ക് ജനാധിപത്യ സംവിധാനമായി തുടരാന്‍ കഴിയുമോ? ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.’ -പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസില്‍ സുപ്രീം കോടതി പറഞ്ഞു.

 പാര്‍ലമെന്ററി സംവിധാനത്തില്‍ യഥാര്‍ത്ഥ അധികാരം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍കൂടി അടങ്ങുന്നതാണ് സര്‍ക്കാരെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമസഭയുടെ നിരീക്ഷണത്തിലുള്ളതും ജനങ്ങളോട് ഉത്തരവാദിത്വം പുലർത്തുന്നതുമാണെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായത്തോടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് അടിസ്ഥാന തത്വം. ഭരണഘടനാപരമായ വിഷയങ്ങളില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഗവര്‍ണര്‍ക്കുള്ള ചുമതലയെന്നും സുപ്രീം കോടതി ഓർമ്മപ്പെടുത്തി.

കഴിഞ്ഞയാഴ്ചയാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കാര്യങ്ങള്‍ കോടതിയിലെത്തും മുമ്പ് ഗവര്‍ണര്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കണമെന്ന് നേരത്തേ കേസ് പരിഗണിക്കവെ സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചാബ് സര്‍ക്കാറിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹാജരായി.

ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നു

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. നിയമസഭ പാസാക്കിയ 12 സുപ്രധാന ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ലഭിച്ചാല്‍ ഗവര്‍ണര്‍ അതില്‍ ‘എത്രയും വേഗം’ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിലെ 200-ാം വകുപ്പ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഓര്‍മ്മപ്പെടുത്തി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് വളരെ എളുപ്പം സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് ചോദിച്ചുകൊണ്ട് സുപ്രീം കോടതി നോട്ടീസയച്ചു. നവംബര്‍ 20-ന് അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും പി. വില്‍സണും ഹാജരായി.

കേരളത്തിൻ്റെ ഹരജി 20 ന് പരിഗണിക്കും

സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല. കേരളത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാല്‍ നിരീക്ഷിച്ചിരുന്നത്. സുപ്രീം കോടതി വെബ് സൈറ്റില്‍ കേരളത്തിന്റെ ഹര്‍ജി 20-ാം തീയതി പരിഗണിക്കാന്‍ സാധ്യത എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....