
ബിനിത എന്ന മഞ്ജു
വീട്ടിൽ കളിക്കാൻ വന്ന പത്തുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് മുപ്പതുവര്‍ഷം കഠിനതടവും മൂന്നുലക്ഷംരൂപ പിഴയും ശിക്ഷ.
വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടില്‍ ബിനിതയെയാണ് (മഞ്ജു -36) മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായാണ് ശിക്ഷ.
പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തുവര്‍ഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവ്, രണ്ടു പോക്സോ വകുപ്പുകളിലായി പത്തുവര്‍ഷം വീതം കഠിനതടവും ഒരുലക്ഷംരൂപ വീതം പിഴയും. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
കളിക്കാൻ വന്ന കുട്ടിയെ പീഡിപ്പിച്ചു
2013-ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് കളിക്കാന്‍വരുന്നത് പതിവായിരുന്നു പെൺകുട്ടി. ഇവർ ഈ അവസരം ഉപയോഗിച്ച് കുട്ടിയെ വരുതിയിലാക്കി. പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വഴിക്കടവ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിയെ കണ്ണൂര്‍ ജയിലിലേക്കു മാറ്റി.