ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം അന്നു തന്നെ വേറെയും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു. അവർ സഞ്ചരിച്ച കാര്‍ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലൂടെ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. റോഡരികില്‍ ഒരുസ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടപ്പോള്‍ കാര്‍ വേഗം കുറയ്ക്കുന്നതും പിന്നീട് മുന്നോട്ടുപോകുന്നതുമായ ദൃശ്യമാണ് തെളിയുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ സുരക്ഷിതയായി പ്രതികൾ ഉപേക്ഷിക്കുകയായിരുന്നു. ഗൂഡ സംഘത്തെ പിടികൂടാന്‍ കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.
ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ട് ഒരു മണിക്കൂര്‍ മുന്‍പായിരുന്നു പള്ളിക്കലിലെ സംഭവം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അതേ കാറാണ് 3.27-നും 4.26-നും ഇടയില്‍ പള്ളിക്കല്‍ മൂതല റോഡിലൂടെ കടന്നുപോയത്. 3.27-നാണ് പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കാര്‍ വേഗം കുറച്ച് പോകുന്നതായി കാണുന്നത്.
റോഡില്‍ ആളുകളെ ഉണ്ടായിരുന്ന സമയമാണ്. ഇത് കണ്ടപ്പോള്‍ കാര്‍ അവിടെനിന്ന് മുന്നോട്ട് ഓടിച്ച് പോയി. പിന്നീട് 4.26-ന് ഇതേ റോഡിലെ ആള്‍ത്തിരക്കില്ലാത്ത മറ്റൊരിടത്തും കാർ തിരച്ചിൽ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ക്യാമറയിലും ഇതേ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ഓയൂര്‍ ഓട്ടുമലയും തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലും ഇടയില്‍ പത്തുകിലോമീറ്ററോളം ദൂരമാണുള്ളത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വെളുത്ത സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പല കുട്ടികളെയും ലക്ഷ്യമിട്ടശേഷമാണ് ഓയൂരിലെത്തിയതെന്നാണ് സംശയിക്കുന്നത്. എന്നാൽ തട്ടിക്കൊണ്ടു പോയ ആറുവയസ് കാരിയുടെ സഹോദരനെയും പിടിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചിരുന്നു.
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഡി.ഐ.ജി. ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തില്‍ കൊല്ലം റൂറല്‍ പരിധിയിലെ എസ്.പി.മാരും എല്ലാ ഡിവൈ.എസ്.പിമാരും അടങ്ങുന്നതാണ് അന്വേഷണസംഘം. സ്‌പെഷ്യല്‍ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും.