നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ദില്ലി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി.
കഴിഞ്ഞ വർഷമാണ് പോപ്പുലർഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി.
ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് നിർദ്ദേശം.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരാണ് ഹർജി പരിഗണിച്ചത്. 5 വർഷത്തെ നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയാണു പിഎഫ്ഐ ഹർജി സമർപ്പിച്ചത്. പിഎഫ്ഐയെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം മാർച്ച് 21നു യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ കേരള എന്നിവയാണു നിരോധിക്കപ്പെട്ട മറ്റു സംഘടനകൾ.


